ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ലൊക്കേഷനില്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

March 4, 2019

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാർ. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്‍റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിന് ഇത് ഉയര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകളാണ്. ഹാസ്യസാമ്രാട്ട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത ചലച്ചിത്ര ലോകവും ആരാധകരും ഇരുകൈയും നീട്ടി സ്വീകരിച്ചു. വെള്ളിത്തിരയില്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും കാണാന്‍ അത്രയധികം ആഗ്രഹിക്കുന്നുണ്ട് ഓരോ പ്രേക്ഷകനും.

ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ജഗതി ശ്രീകുമാറിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം. ചെറു പുഞ്ചിരി തൂകിയാണ് അദ്ദേഹം ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘കബീറിന്‍റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള താരത്തിന്‍റെ തിരിച്ചുവരവ്. ഈ വര്‍ഷത്തെ മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘ഒരു ഞായറാഴ്ച’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ശരത് ചന്ദ്രന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് കബീറിന്‍റെ ദിവസങ്ങള്‍. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒരു ഫീച്ചര്‍ ഫിലിമാണ് ‘കബീറിന്‍റെ ദിവസങ്ങള്‍’ എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read more:ആക്ഷന്‍ രംഗങ്ങളുമായി ‘കോടതിസമക്ഷം ബാലന്‍ വക്കീലി’ന്റെ പുതിയ ടീസര്‍

ശ്രീകുമാര്‍ പി. കെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. ഉദയന്‍ അമ്പാടി ക്യാമറ കൈകാര്യം ചെയ്യുന്നു. മനീഷ് ഭാര്‍ഗവനാണ് ചിത്രത്തിന്‍റെ ചീഫ് അസോസിയേറ്റ്. മുരലി ചന്ദ്, ഭരത്, റേച്ചല്‍ ഡേവിഡ്, ആദിയ പ്രസാദ്, സുധീര്‍ കരമന, മേജര്‍ രവി, ബിജുകുട്ടന്‍, കൈലാഷ്, നോബി, താരകല്യാണ്‍, സോന നായര്‍, ജിലു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബി. കെ ഹരിനാരായണനാണ് ചിത്രത്തിലെ ഗാനരചയിതാവ്.

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. 

മികച്ച കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത താരമാണ് ജഗതി ശ്രീകുമാർ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് പുതിയ വാര്‍ത്ത.