ജയലളിതയാകാന്‍ കങ്കണ; ‘തലൈവി’ വെള്ളിത്തിരയിലേക്ക്

March 25, 2019

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന പുതിയ ചിത്രം വരുന്നു. ‘തലൈവി’ എന്നാണ് ചിത്രത്തിന്റെ പേര്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്.

ജയലളിതയുടെ പിറന്നാള്‍ ദിനമായ ഫെബ്രുവരി 24- നാണ് പുതിയ ചിത്രത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. തുടര്‍ന്ന് കഴിഞ്ഞ ദിവസം കങ്കണ റണൗത്ത് ചിത്രത്തില്‍ ജയലളിതയായെത്തുന്നു എന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായ് പങ്കുവെച്ചു, തമിഴ്,  തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തലൈവി തീയറ്ററുകളിലെത്തും. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

ഇതിനുമുമ്പും ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ദ് അയണ്‍ ലേഡിയാണ് ഒന്ന്. നിത്യ മേനോനാണ് ഈ ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. നിര്‍മ്മാതാവായ ആദിത്യ ഭരദ്വാരാജും ജയലളിതയുടെ ജീവിതകഥ സിനിമയാക്കാന്‍ മുന്നോട്ടു വന്നിരുന്നു. തായ്: പുരട്ചി തലൈവി എന്നാണ് ഈ ചിത്രത്തിന്റെ പേര്.

Read more:മനോഹരം, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കാവിലെ ‘ഈന്തോല പാട്ട്’; വീഡിയോ

അതേസമയം കങ്കണ റണൗത്ത് മുഖ്യ കഥാപാത്രമായെത്തിയ ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തിയ ചിത്രമാണ് മണികര്‍ണിക. കൃഷ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനു വേണ്ടിയുള്ള കങ്കണയുടെ മെയ്‌ക്കോ ഓവറും ചലച്ചിത്ര ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കങ്കണ രണൗത്ത് ജയലളിതയാകുന്നു എന്ന വാര്‍ത്തയും ചലച്ചിത്രലോകം പ്രതിക്ഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.