ആകാംഷയും ആവേശവും നിറച്ച് നയൻസ് ചിത്രം; ട്രെയ്ലർ കാണാം..
നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കൊലൈയുതിര്‍ കാല’ത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു. ഏറെ ആകാംഷയും ആവേശവും നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയ്ലർ. ഒരു രഹസ്യസ്വാഭാവമുള്ള ചിത്രമാണ് കൊലൈയുതിര്‍ കാലമെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ചാക്രി ടൊലെറ്റിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഹഷ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് കൊലൈയുതിര്‍ കാലം.
നയന്‍താര പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രതാപ് പോത്തൻ, ഭൂമിക ചാവ്ല, രോഹിണി ഹട്ടങ്കഡി, എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഉന്നൈപ്പോല് ഒരുവന്, ബില്ല 2 അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ചാക്രി ടൊലെറ്റിയുടെ ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് . കോറി ഗെര്‍യാക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
ലേഡി സൂപ്പർ സ്റ്റാർ നയൻതാര നായികയായി എത്തുന്ന പുതിയ ചിത്രം ഐറ ഉടൻ പുറത്തിറങ്ങും. ‘മായ’യ്ക്ക് ശേഷം നയൻതാര അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് സർജുൻ കെ എം സംവിധാനം ചെയ്യുന്ന ഐറ.ഈ ചിത്രത്തിൽ നയൻസ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. നയൻസ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഐറയ്ക്കാണ്. സുദര്ശന് ശ്രീനിവാസന്, സുന്ദരമൂര്‍ത്തി കെ.എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നത്.
ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം ‘സായ് റാ നരസിംഹ റെഡ്ഡിയിലും’ നായികയായി എത്തുന്നത് നയൻസാണ്. വിജയ് ആറ്റ്ലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രവും നയൻസിന്റേതായി പുറത്തിറങ്ങാനുണ്ട്.
അതേസമയം സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പമുള്ള നയൻ താരയുടെ പുതിയ ചിത്രത്തിനായും കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്നാണ് സൂചന. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്. തമിഴകത്തിന്റ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം നയൻസ് കൂടി എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.