‘രാജു.. നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു’; വൈറലായി ഇന്ദ്രജിത്തിന്റെ കുറിപ്പ്

March 29, 2019

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം. മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നടനും പൃഥ്വിരാജിന്റെ സഹോദരനുമായ ഇന്ദ്രജിത്തും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ തന്റെ സഹോദരന്റെ ആദ്യ ചിത്രത്തെ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. ഈ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഇന്ദ്രജിത്ത് പൃഥ്വിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും കുറിച്ചു.

ചിത്രത്തിൽ ഗോവർധൻ എന്ന സത്യാന്വേഷകനായാണ് ഇന്ദ്രജിത്ത് വേഷമിടുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിലെ ഇന്ദ്രജിത്തിന്റെ പ്രകടനത്തിനും തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി ലഭിച്ചിരുന്നു. ചിത്രത്തിന് ലഭിക്കുന്ന എല്ലാ നല്ലവാക്കുകൾക്കും ആശംസകൾക്കും നന്ദിയും അദ്ദേഹം അറിയിച്ചു.


വില്ലനായും നായകനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ഇന്ദ്രജിത്ത്.

Read more: അവൻ അവതരിച്ചു, സിനിമ പ്രേമികൾക്കിടയിൽ ആവേശത്തിന്റെ ആർത്തിരമ്പൽ സൃഷ്ടിച്ചുകൊണ്ട് ലൂസിഫർ; റിവ്യൂ..

സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ വേഷമിടുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സംവിധായകൻ ഫാസിൽ, സായ് കുമാർ, കലാഭവൻ ഷാജോൺ, സാനിയ അയ്യപ്പൻ തുടങ്ങി വൻ താരനിരകളാണ് അണിനിരക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂടുന്ന തരത്തിലാണ് ചിത്രവും ഒരുക്കിയിരിക്കുന്നത്. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇതിനോടകം തന്നെ പൃഥ്വിരാജ് എന്ന സംവിധായകനെയും സ്റ്റീഫൻ നെടുമ്പള്ളിയേയും ഹൃദയത്തിൽ ഏറ്റെടുത്തുകഴിഞ്ഞു.