‘വാസന്തി ഈസ് ടേക്ക് ജംപര്‍’ അതായത് എടുത്തുചാട്ടക്കാരി; ചിരി പടര്‍ത്തി കാരക്ടര്‍ പോസ്റ്റര്‍

March 15, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി- പൃത്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘മധുരരാജ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. തീയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാവുകയാണ് മധുരരാജ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു കാരക്ടര്‍ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയ യും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. എന്നാല്‍ പൃത്വിരാജ് ചിത്രത്തിലില്ല. ‘മധുരരാജ’ വിഷു റിലീസ് ആയി തീയറ്ററുകളിലെത്തും.

മധുരരാജ എന്ന ചിത്രത്തില്‍ അനുശ്രീ അവതരിപ്പിക്കുന്ന വാസന്തി എന്ന കഥാപാത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ് പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്. കാരക്ടര്‍ പോസ്റ്ററിലെ ‘വാസന്തി ഈസ് ടേക്ക് ജംപര്‍’ എന്ന ക്യാപ്ഷന്‍ ഇതിനോടകം തന്നെ ഹിറ്റായി. ടെക്ക് ജംപര്‍ എന്നാല്‍ എടുത്തുചാട്ടക്കാരി. ടേക്ക് ജംപര്‍ എന്ന വാക്ക് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും വൈറലായി.

കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ്കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോക്കിരിരാജ തീയറ്ററുകളിലെത്തിയത്. മധുരരാജയും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read more:ലൂസിഫര്‍ ആന്തവുമായ് ഉഷാ ഉതുപ്പ്; പ്രതീക്ഷയോടെ പ്രേക്ഷകര്‍

അനുശ്രീക്ക് പുറമെ ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, അജു വര്‍ഗീസ്, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.