‘തന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോലുമില്ലാത്ത എന്നോട് എങ്ങനെയാണ് തനിക്കിത്രമാത്രം പ്രണയം തോന്നിയത്’; വൈറലായി ജൂണിലെ ഗാനം…

March 16, 2019

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് രജിഷ വിജയൻ നായികയായി എത്തിയ പുതിയ ചിത്രം ജൂൺ. ചിത്രത്തിലെ ഗാനങ്ങൾക്കും ആരാധകർ ഏറെയാണ്. ലിറിക്കൽ വീഡിയോ ഇറങ്ങിയതു മുതൽ ആരാധകർ കാത്തിരുന്ന ഗാനമാണ്  ‘ഹേയ് മാനേ പെൺമാനെ..’ എന്ന് തുടങ്ങുന്ന ഗാനം. ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രജിഷയും അർജുൻ അശോകനുമാണ് ഗാനത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി അസീസ് സംഗിതം നൽകി ആലപിച്ചതാണ് ഈ ഗാനം.

കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് രജിഷ വിജയൻ. രജിഷ വിജയൻ ആറ് വ്യത്യസ്ഥ ലുക്കുകളിൽ എത്തുന്ന ചിത്രമാണ് ജൂൺ. ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങൾക്കുമൊപ്പം ചിത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവർ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമ പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്.

Read also: പ്രിയദർശിനിയായി മഞ്ജു; ‘ലൂസിഫർ തനിക്ക് ഡബിൾ ലോട്ടറി’- മഞ്ജു വാര്യർ…

അങ്കമാലി ഡയറീസ്, ആട്-2 എന്നീ സിനിമകൾക്ക് ശേഷം ഫ്രൈഡേ ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണ് ജൂൺ. അഹമ്മദ് ഖബീർ സംവിധാനം ചെയ്ത ചിത്രം ലിബിൻ വർഗീസ് ജീവൻ ബേബി മാത്യു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ചിത്രത്തിലെ ഗാനം കാണാം..