ഗായകനായി മുകേഷ്; വീഡിയോ ഗാനം ഇതാ

March 19, 2019

അഭിനയത്തിനൊപ്പം പാട്ടുകള്‍ പാടിക്കൊണ്ടും പല താരങ്ങളും പ്രേക്ഷകരെ അതിശയിപ്പിക്കാറുണ്ട്. അടുത്തിടെ സംസ്ഥാന ആവാര്‍ഡ് ജേതാക്കളായ ജോജുവും ജയസൂര്യയും ചലച്ചിത്ര പിന്നണി ഗാന രംഗത്ത് ശ്രദ്ധേയമായ താരങ്ങളാണ്. ഇരുവരുടെയും പാട്ടുകള്‍ക്ക് പ്രേക്ഷകര്‍ നിറഞ്ഞു കൈയടിക്കുകയും ചെയ്തു. ഇപ്പോഴിതാ നടന്‍ മുകേഷും ഒരു സിനിമയില്‍ പാടിയിരിക്കുകയാണ്. ‘രമേശന്‍ ഒരു പേരല്ല’ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ഗായകനാകുന്നത്. നവാഗതനായ സുജിത് വിഘ്‌നേശ്വര്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ഇത്. ജെമിനി ഉണ്ണികൃഷ്ണന്‍ ആണ് ചിത്രത്തിലെ സംഗീത സംവിധാനം. ഒരു ഗോവന്‍ സ്‌റ്റൈല്‍ ഗാനമാണ് മുകേഷ് ആലപിക്കുന്നത്. പാട്ടിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി തുടങ്ങി. ‘ഡാര്‍ലിങ് ഓപ്പണ്‍ ദ് ഡോര്‍…’ എന്ന് തുടങ്ങുന്ന രസകരമായ ഒരു ഇംഗ്ലീഷ് ഗാനമാണ് മുകേഷിന്റെ ആലാപനത്തിലൂടെ ശ്രദ്ധേയമാകുന്നത്. ശ്രീനാഥും ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ഗാന രചന.

ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറുടെ കഥ പറയുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിടുന്നത് മണികണ്ഠന്‍ പട്ടാമ്പിയാണ്. ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന രമേശന്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങളുമാണ് ‘രമേശന്‍ ഒരു പേരല്ല’ എന്നചിത്രത്തിന്റെ മുഖ്യ പ്രമേയം. സാധാരണക്കാരനായ ഒരു വ്യക്തയുടെ ജീവിതത്തില്‍ മറ്റുള്ളവരുടെ ദുരാഗ്രഹം മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിഷ്‌കളങ്കനായ രമേശന് അവന്റെ നിഷ്‌കളങ്കത തന്നെ വിനയാകുന്നു. ജോലി കിട്ടിയ ആദ്യ ദിനം തന്നെ രമേശന്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും തുടര്‍ന്ന് കുറച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ടാക്‌സി യാത്രയിലൂടെ അയാളുടെ ജീവിതം മാറ്റിമറിക്കപ്പെടുന്നതുമൊക്കെയാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കപ്പെടുന്നത് എന്നാണ് സൂചന.

Read more:”ഞാന്‍ സായൂ, സിത്താരക്കുട്ടിന്റെ മോള്”; പാട്ടിനൊപ്പം പരിചയപ്പെടുത്തലുമായി ഗായിക സിത്താരയുടെ മകള്‍: വീഡിയോ

ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന നിയമ സംവിധാനത്തിലെ പോരായ്മകളെ തുറന്നുകാണിക്കുന്ന ചിത്രം സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു റിയലിസ്റ്റിക് സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മണികണ്ഠനൊപ്പം ദിവ്യദര്‍ശന്‍ ദേവന്‍, രാകേഷ് ശര്‍മ്മ, കൃഷ്ണ കുമാര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അരുണ്‍ നായര്‍, ദേവേന്ദ്ര നാഥ്, സുരേഷ് പ്രേം, ഷൈലജ, മിനി തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. അതോടൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ നിരവധി കലാകാരന്മാരും ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നുണ്ട്.

രമേശന്‍ ഒരു പേരല്ല എന്ന ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുനില്‍ പ്രേം ആണ്. അര്‍ജുന്‍ മേനോന്‍ എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിര്‍വഹിക്കുന്നത് ജ്യോതിഷ് ശങ്കറാണ്. അതേസമയം നിരവധി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനംനേടിയ മുകേഷ് ആദ്യമായി ഗായകനാകുന്ന ചിത്രംതിയേറ്ററുകളില്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തും.