പ്രണയം തുളുമ്പുന്ന നോട്ടവുമായി കാളിദാസ്; ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ലെ പുതിയ ഗാനം കാണാം..

March 24, 2019

തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്. ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിനു വേണ്ടി ബി കെ ഹരിനാരായണന്‍ എഴുതി ഗോപി സുന്ദര്‍ ഈണമിട്ട നോട്ടം എന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്കായി ഒരുക്കിയ ഗാനവും സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടിയിരുന്നു. സിനിമയുടെ ചില ഭാഗങ്ങളും ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ പ്രകടനങ്ങളും കോര്‍ത്തിണക്കി കൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ‘അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും.. വാമോസ് അര്‍ജന്റീന!’ എന്ന കാളിദാസ് ജയറാമിന്റെ വോയിസ് ഓവറും ഗാനത്തിൽ കേള്‍ക്കാം. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.കാട്ടൂർക്കടവ് എന്ന ഗ്രാമത്തിലെ ആളുകളുടെ ജീവിതവും അർജന്റീന ഫുട്ബോൾ ടീമിനോടുള്ള ആരാധനയുമാണ് ചിത്രത്തിന്റെ പ്രമേയം.

‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രം നിർമ്മിക്കുന്നത് ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ്.

Read also: ‘അച്ഛനെക്കാൾ മികച്ച നടൻ ഞാൻ തന്നെ’, വേദിയെ പൊട്ടിചിരിപ്പിച്ച് കാളിദാസ്…

അതേസമയം കാളിദാസിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രം ‘മിസ്റ്റർ ആൻഡ് മിസ് റൗഡി’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ കാളിദാസിന്റെ നായികയായി എത്തുന്നത് അപർണ ബലമുരളിയാണ്.