“അച്ഛന് കാണുന്നുണ്ടെന്ന് എനിക്കറിയാം”; ‘ലൂസിഫര്‍’ അച്ഛന് സമര്‍പ്പിച്ച് പൃഥ്വിരാജ്
തന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫര്‍’ എന്ന ചിത്രം അച്ഛന് സുകുമാരന്‍ സമര്‍പ്പിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ്. “അച്ഛന് ഇതു കാണുന്നുണ്ടെന്ന് എനിക്കറിയാം. അച്ഛന് സമര്‍പ്പിക്കുന്നു” എന്നാണ് ലൂസിഫറിനെക്കുറിച്ച് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായും യങ് സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് സംവിധായകനായും എത്തുമ്പോള്‍ വെള്ളിത്തിരയില്‍ ഒരുങ്ങുന്ന ദൃശ്യ വിസ്മയം.
പുലര്‍ച്ചെ മുതല്‍ ചിത്രത്തിന്റെ ഫാന്‍സ് ഷോകള്‍ ആരംഭിച്ചിരുന്നു. ഏഴു മണി മുതല്‍ പപ്ലിക്കിനായുള്ള ഷോകളും ആരംഭിച്ചു. ചിത്രം ആദ്യ പകുതി പിന്നിടുമ്പോള്‍ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ ആരാധകരുടെ ആവേശം പ്രകടമാക്കുന്ന നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ അഭിനേതാവായി പൃഥ്വിരാജും എത്തുന്നതോടെ വെള്ളിത്തിരയില്‍ വിസ്മയം ഉറപ്പെന്നാണ് ആദ്യ പകുതി പിന്നിടുമ്പോള്‍ പ്രേക്ഷകരുടെ പ്രതികരണം. നിറയെ സസ്പെന്സുകള് ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഓരോ കാരക്ടര്‍ പോസ്റ്ററുകളും പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ട്രെയ്ലറും ഏറെ മികവ് പുലര്‍ത്തുന്നുണ്ട്.
പൃഥിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ക്കെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായ് കാത്തിരുന്നത്. ഈ പ്രതീക്ഷയ്ക്ക് മാറ്റു കൂട്ടുന്ന തരത്തിലാണ് ട്രെയ്ലര് ഒരുക്കിയിരിക്കുന്നതും. ട്രെയ്ലറിലെ ഈ മികവ് ചിത്രത്തിലുമുണ്ടായാല്‍ ലൂസിഫര്‍ തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടുമെന്ന് ഉറപ്പ്. സംവിധായകനായ ഫാസിലും അഭിനേതാവായി ചിത്രത്തിലെത്തുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിവരടക്കം നിരവധി താരനിരകള്തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
ബോളിവുഡ് താരം വിവേക് ഒബ്റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായെത്തുന്നു ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍. 1500 ഓളം സ്ക്രീനുകളിലായാണ് ലൂസിഫറിന്റെ ആദ്യ പ്രദര്‍ശനം. ഒടിയനു ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രംകൂടിയാണ് ലൂസിഫര്‍.