ബാഹുബലിക്ക് ശേഷം സ്വാതന്ത്ര്യസമര പോരാളികളുടെ കഥയുമായി രാജമൗലി

March 15, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിക്ക് ശേഷം പുതിയ സിനിമയുമായെത്തുകയാണ് സംവിധായകന്‍ രാജമൗലി. ആര്‍ആര്‍ആര്‍ എന്നാണ് ചിത്രത്തിന്റെ പേര്. 400 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രംകൂടിയാണ് ആര്‍ആര്‍ആര്‍.

ജുനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആലിയ ഭട്ടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ആലിയ ആദ്യയമായാണ് ഒരു ദക്ഷിണേന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. രാംചരണിന്റെ നായികയായിട്ടായിരിക്കും ആലിയ ഭട്ട് ചിത്രത്തിലെത്തുക. ബോളിവുഡില്‍ നിന്നും അജയ് ദേവ്ഗണും ചിത്രത്തിലെത്തുന്നുണ്ട്. ശക്തമായ കഥാപാത്രത്തെയാണ് അജയ് ദേവ്ഗണ്‍ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് താരം ഡെയ്‌സ് എഡ്ജര്‍ ജോണ്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2020 ജൂലൈ 30 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.


പ്രധാനമായും രണ്ട് സ്വാതന്ത്ര്യസമര പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. 1920 കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ജീവിതകഥയാണ് ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം നടന്ന ആര്‍ആര്‍ ടീമിന്റെ പ്രത്യേക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read more:ആലാപനത്തില്‍ വീണ്ടും അതിശയിപ്പിച്ച് ശ്രേയ ഘോഷാല്‍; ‘മേരാ നാം ഷാജി’യിലെ ഗാനം ശ്രദ്ധേയമാകുന്നു

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തെലുങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവര്‍. ഇവരുടെ കഥ വെള്ളിത്തിരയിലെത്തുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതേസമയം ചിത്രം നൂറു ശതമാനം ഒരു സാങ്കല്പീക കഥയാണെന്നും രണ്ട് യഥാര്‍ത്ഥ പോരാളികളാണ് കേന്ദ്ര കഥാപാത്രങ്ങളെന്നും രാജമൗലി പറഞ്ഞു.

അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ കഥകള്‍ ഏകദേശം സാമ്യമുള്ളവയാണ്. എന്നാല്‍ ഇവര്‍ തമ്മില്‍ നേരിട്ട് പരിചയമില്ല. ഇവര്‍ രണ്ടുപേരും പരസ്പരം കണ്ടുമുട്ടിയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നതാണ് ആര്‍ആര്‍ആര്‍ എന്ന സിനിമയിലൂടെ ആവിഷ്‌കരിക്കുന്നതെന്നും രാജമൗലി വ്യക്തമാക്കി.