“ഒറ്റയ്ക്കാണോ സെഞ്ചുറി അടിയ്ക്കുന്നേ”; ചിരി പടര്‍ത്തി സച്ചിന്റെ ട്രെയ്‌ലര്‍

March 30, 2019

ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് സച്ചിന്‍. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. പ്രേക്ഷകരുടെ ആകാംഷയ്ക്ക് മാറ്റുകൂട്ടിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജനപ്രീയ നായകന്‍ ദിലീപ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ ആരാധകരുമായി പങ്കുവെച്ചത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട് ട്രെയ്‌ലര്‍.

അടുത്തിടെ ചിത്രത്തിലെ ഒരു വീഡിയോ ഗാനവും പുറത്തെത്തിയിരുന്നു. സച്ചിന്‍ എന്ന സിനിമയിലെ പോരാടുന്നേ പോരാടുന്നേ… എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നതും. രസകരമായ ചില മുഹൂര്‍ത്തങ്ങളും ഗാനത്തില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ഗാന രചയിതാവിനുള്ള ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നേടിയ ബി കെ ഹരിനാരായണനാണ് ഈ ഗാനത്തിന്റെ വരികള്‍ എഴുതിയത്. ഷാന്‍ റഹ്മാനാണ് സംഗീതം. ഗാനം ആലപിച്ചിരിക്കുന്നതും ഷാന്‍ റഹ്മാന്‍ തന്നെയാണ്.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് സച്ചിന്‍. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവുമൊക്കെയാണ് സിനിമയില്‍ നിറയുന്നത്.

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. അന്ന രാദനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഹരീഷ് കണാരന്‍ മണിയന്‍ പിള്ള രാജു, രമേശ് പിശാരടി, മാലാ പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം.