“ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് ആളാകെ മാറുന്നു”: സായി പല്ലവി

March 31, 2019

അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് ഫഹദ് ഫാസില്‍. ഒരു നോട്ടംകൊണ്ടുപോലും അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന താരം. “ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് തീര്‍ത്തും ആളാകെ മാറും. ശരിക്കും കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശനം നടത്തുമെന്നും” സായി പല്ലവി പറഞ്ഞു. ഫഹദിനൊപ്പം അതിരന്‍ എന്ന ചിത്രത്തില്‍ നായികയായെത്തുന്നുണ്ട് സായി പല്ലവി. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് ഒരു മാഗസീനു നല്‍കിയ അഭിമുഖത്തിലാണ് സായി പല്ലവി ഇങ്ങനെ പറഞ്ഞത്. അഭിനേതാവിനപ്പുറം വ്യക്തി എന്ന നിലയിലും വളരെ ജെനുവിനായ ഒരാളാണ് ഫഹദ് എന്നും സായി പല്ലവി പറഞ്ഞു.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ അതിരന്‍ എന്ന ചിത്രത്തെ ഏറ്റെടുത്തിരുന്നു. നിരവധി പേരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ പോലും ഇടം നേടിയിരുന്നു അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച അതിരന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. വിവേക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഥയും വിവേകിന്റേത് തന്നെ. പിഎഫ് മാത്യൂസിന്റേതാണ് തിരക്കഥ. സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് ആണ് അതിരന്റെ നിര്‍മ്മാണം. സെഞ്ചുറി ഫിലിംസിന്റെ 125 ാമത്തെ ചിത്രം എന്ന പ്രത്യേകതും അതിരനുണ്ട്. ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലെത്തും.

Read more:‘മധുരരാജ’യില്‍ ഗ്രാഫിക്‌സ് വിസ്മയമുണ്ടെന്ന് സലീം കുമാര്‍

തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും. അടുത്തിടെ പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രങ്ങളും ഇത് ശരി വെയ്ക്കുന്നുണ്ട്. സായി പല്ലവിയും മനോഹരമായി തന്നെയാണ് ലൊക്കേഷന്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്യൂട്ട് ജോഡി എന്നാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ നല്‍കുന്ന കമന്റ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അതിരന്‍ തീയറ്ററുകളിലെത്തും. ഫഹദ് ഫാസിലും സായി പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘അതിരന്‍’. 2008 ല്‍ പുറത്തിറങ്ങിയ ‘ധൂം ധാം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള സായി പല്ലവിയുടെ അരങ്ങേറ്റം. 2012 ല്‍ പുറത്തിറങ്ങിയ ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കും താരം ചുവടുവെച്ചു. പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം മികച്ച പ്രേക്ഷക സ്വീകര്യത നേടിയിരുന്നു. തുടര്‍ന്ന് 2016 ല്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലും സായി പല്ലവി തിളങ്ങി. താരത്തിന്റെ മൂന്നമത്തെ മലയാള ചിത്രമാണ് അതിരന്‍.