അഭിനയത്തില്‍ മാത്രമല്ല ഡാന്‍സിലും ഷെയ്ന്‍ നിഗം സൂപ്പര്‍; വീഡിയോ

March 15, 2019

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ താരമാണ് ഷെയ്ന്‍ നിഗം. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയത്തിലെ മികവു കൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധേയമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഷെയ്ന്‍ നിഗത്തിന്റെ ഒരു പ്രകടനം. അഭിനയമല്ല കിടിലന്‍ ഡാന്‍സാണ് താരം ഇത്തവണ കാഴ്ചവെച്ചിരിക്കുന്നത്.

ഒരു കോളേജില്‍ വെച്ചുനടന്ന സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഷെയ്ന്‍ നിഗം. ഒരു നാടന്‍പാട്ടിനും റൗഡി ബേബി ഗാനത്തിനും താരം ചുവടുവെച്ചു. എന്തായാലും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് ഷെയ്ന്‍ നിഗത്തിന്റെ ഈ സൂപ്പര്‍ ഡാന്‍സ്.

അതേസമയം ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചുണ്ടില്‍ പുകയുന്ന സിഗരറ്റുമായി തീവ്രനോട്ടത്തോടെയാണ് താരം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അനുരാജ് മനോഹറാണ് ഇഷ്‌ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഈ ഫോര്‍ എന്റര്‍ടെന്‍മെന്റാണ് നിര്‍മ്മാണം. ‘നോട്ട് എ ലവ് സ്‌റ്റോറി’ എന്ന ക്യാച്ച് ലൈനും ചിത്രത്തിന്റെ പേരിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ ശീതള്‍ ഇഷ്‌കില്‍ നായികയായെത്തുന്നു. രതീഷ് രവിയാണ് തിരക്കഥ. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയാണ് ഷെയ്ന്‍ നിഗം അവസാനമായി അഭിനയിച്ച ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഈ ചിത്രം. മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഷെയ്ന്‍ നിഗത്തിനു പുറമെ ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.