പപ്പയ്ക്ക് ജയ് വിളിച്ച് മകൾ; വൈറലായി സിവയുടെ വീഡിയോ

March 27, 2019

കായികതാരങ്ങളുടെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. അതുപോലെതന്നെ താരങ്ങളുടെ കുടുംബ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ആവേശമാണ്. ധോണിയുടെ മകള്‍ സിവയ്ക്കും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആരാധകരുടെ മനം കീഴടക്കുന്ന സിവയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ആരാധകരുടെ പ്രിയപ്പെട്ട സിവ സമൂഹ മാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളം അടക്കമുള്ള ഭാഷകളിൽ പാട്ടു പാടിയും തമിഴ് പറഞ്ഞും ധോണിക്കൊപ്പം ഡാന്‍സ് ചെയ്തുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിമിടുക്കി. ഇപ്പോഴിതാ ധോണിയ്ക്ക് ജയ് വിളിക്കുന്ന സിവയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഐ പി എല്ലിൽ ഇന്നലെ ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ ഏറ്റുമുട്ടിയപ്പോഴാണ് സിവ താരമായത്. മത്സരം കാണാൻ ഡൽഹിയിലെ ഫിറോസ് ഷാ കോട് ലയിലെ വേദിയിൽ ‘അമ്മ സാക്ഷിയ്‌ക്കൊപ്പം മകൾ സിവയും എത്തി. ഗ്യാലറിയിൽ ഇരുന്ന് ധോണിക്ക് ആരാധകർക്കൊപ്പം ജയ് വിളിക്കുന്ന സിവയുടെ വീഡിയോയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ‘പാപ്പാ… കമോൺ പാപ്പാ…’ എന്ന് വിളിക്കുന്ന സിവയുടെ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

Read also: ഐ പി എൽ; ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറി ധോണി

അതേസമയം ഇന്നലത്തെ മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആറ് വിക്കറ്റിന്‍റെ  ജയം കരസ്ഥമാക്കി. 148 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ സ്വന്തമാക്കി. കളിയിൽ ധോണി 32 റൺസെടുത്ത് പുറത്താകാതെ നിന്നു.