സംശയങ്ങൾ ബാക്കി നിർത്തി ‘ശ്രീദേവി ബംഗ്ലാവി’ന്റെ ടീസർ

March 17, 2019

‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ഇത്തവണയും ചില സംശയങ്ങള്‍ ബാക്കിവെച്ചാണ് ടീസര്‍ അവസാനിക്കുന്നത്. ശ്രീദേവിയുടെ പ്രണയനായകന്‍ ആരാണെന്ന സംശയമാണ് പുതിയ ടീസറിന്റെ ഉള്ളടക്കം.

നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രം ശ്രീദേവിയുടെ കഥയല്ലെന്നും ആണെന്നും പറയുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പുറമേ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ശ്രീദേവിയുടെ ഭര്‍ത്താവും ബോളിവുഡ് നിര്‍മാതാവുമായ ബോണി കപൂര്‍ വക്കീല്‍ നോട്ടീസ് അയച്ചതും വാര്‍ത്തയായിരുന്നു.

ശ്രീദേവി ബംഗ്ലാവ് എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രിയ പ്രകാശ് തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ആറാട്ട് എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ ചന്ദ്രശേഖർ എസ്‍.കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിന്ദിയിലും തമിഴിലുമായി ചിത്രം പുറത്തിറക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Read also: ‘തന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോലുമില്ലാത്ത എന്നോട് എങ്ങനെയാണ് തനിക്കിത്രമാത്രം പ്രണയം തോന്നിയത്’; വൈറലായി ജൂണിലെ ഗാനം…

70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. അതേസമയം ഈ വർഷം മെയിൽ ചിത്രം തിയേറ്ററുകളിൽ എത്തും.