മൃഗസംരക്ഷണത്തിലും മടി കാണിക്കാതെ വിജയ് സേതുപതി; വെള്ളക്കടുവകളെ ദത്തെടുത്ത് താരം
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. അഭിനയമികവുകൊണ്ട് തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ഏറെ ഇഷ്ടത്തോടെ അദ്ദേഹത്തെ വിളിക്കുന്നതു പോലും. വിജയ് സേതുപതിക്ക് ലഭിക്കുന്ന ഓരോ പുരസ്കാരങ്ങളുടെ വാര്‍ത്തകളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ആരാധകരോടുള്ള വിജയ് സേതുപതിയുടെ സ്നേഹത്തോടെയുള്ള ഇടപെടലുകളും ശ്രദ്ധേയമാണ്. ഇപ്പോഴിതാ മൃഗസ്നേഹത്തിലും മടി കാണിക്കാതെ മുന്നോട്ടുവന്നിരിക്കുകയാണ് വിജയ് സേതുപതി.
രണ്ട് വെള്ളക്കടുവകളെ ദത്തെടുത്ത വിജയ് സേതുപതിയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്ത് വാര്‍ത്തയാകുന്നത്. വണ്ടല്ലൂരിലെ അരിനഗര്‍ അണ്ണാ മൃഗശാലയില്‍ നിന്നുമാണ് രണ്ട് കടുവകളുടെ സംരക്ഷണം താരം ഏറ്റെടുത്തത്. ഇതിനോടനുബന്ധിച്ച് അഞ്ച് ലക്ഷം രൂപയുടെ ചെക്കും താരം മൃഗശാല അധികൃതര്‍ക്ക് കൈമാറി. മൃഗങ്ങളുടെ സംരക്ഷണത്തിനായി എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നും വിജയ് സേതുപതി പറഞ്ഞു. മുന്‍വര്‍ഷം നടന് ശിവകാര്‍ത്തികേയനും കടുവയെ ദത്തെടുത്തിരുന്നു.
അഞ്ച് വയസുള്ള ആദിത്യ, നാലര വയസുള്ള ആര്‍ഥി എന്നീ കടുവകളുടെ സംരക്ഷണമാണ് വിജയ് സേതുപതി ഏറ്റെടുത്തിരിക്കുന്നത്. താരം നല്കിയ തുക കടുവകളുടെ പരിപാലനത്തിനും ഭക്ഷണത്തിനുമായി ഉപയോഗപ്പെടുത്തുമെന്ന് മൃഗശാല അധികാരികള്‍ വ്യക്തമാക്കി.
അതേസമയം തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരത്തിന്റെ നിറവിലാണ് വിജയ് സേതുപതി ഇപ്പോള്‍. കലാ സാംസ്കാരിക മേഖലയിലെ മികച്ച സംഭാവനകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ നല്കുന്ന പുരസ്കാരമാണ് കലൈമാമണ് പുരസ്കാരം. കഴിഞ്ഞ ദിവസമാണ് തമിഴ്നാട് സര്‍ക്കാര്‍ ഈ പുരസ്കാരം പ്രഖ്യാപിച്ചത്.
Read more:‘കുമ്പളിങ്ങി നൈറ്റ്സി’ലെ ചില ക്യാമറകാഴ്ചകള്‍; ചിത്രങ്ങള്‍
നടനു പുറമെ നിര്‍മ്മാതാവ് ഗാനരചയിതാവ് എന്നീ മേഖലകളിലും ശ്രദ്ധേയനാണ് വിജയ് സേതുപതി. സിനിമയില്‍ എത്തുന്നതിനു മുമ്പേ അക്കൗണ്ടന്റ് ആയിട്ടായിരുന്നു സേതുപതി ജോലി ചെയ്തിരുന്നത്. ചെറിയ രതിയിലുള്ള സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തുകൊണ്ടായിരുന്നു ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ തുടക്കം.
സീനു രാമസമിയുടെ ‘തെന്മേര്‍ക് പരുവകട്രിന’ ആണ് വിജയ് സേതുപതി നായകനായെത്തുന്ന ആദ്യ സിനിമ. പിന്നീട് ‘സുന്തരപന്ത്യന്‍’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രം, ‘പിസ്സ’ , ‘നടുവിലെ കൊഞ്ചം പാകാത്ത’ എന്ന ചിത്രങ്ങളില്‍ നായക വേഷം ലഭിച്ചു. തുടര്‍ന്നുള്ള വിജയ് സേതുപതിയുടെ സിനിമകളൊക്കെയും വന്‍വിജയമായിരുന്നു.