വിനീത് ശ്രീനിവാസന്റെ ‘മനോഹരം’ ഉടൻ

March 5, 2019

മനോഹരം എന്ന പുതിയ ചിത്രവുമായി വിനീത് ശ്രീനിവാസൻ. ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് മനോഹരം. വിനീതിനെ പ്രധാന കഥാപാത്രമാക്കി ‘ഓർമ്മയുണ്ടോ ഈ മുഖം’  സംവിധാനം ചെയ്ത അൻവർ സാദത്താണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. അൻവർ സാദത്ത് തന്നെയാണ് തിരക്കഥയും തയാറാക്കിയിരിക്കുന്നത്.

ഈ ആഴ്ച ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ പാലക്കാടാണ്. ചിത്രത്തിൽ വിനീതിന്റെ നായികയായി എത്തുന്നത് പുതുമുഖ നായികയാണ്. സംവിധായകരായ ജൂഡ് ആന്റണി, ബേസിൽ ജോസഫ്, വി കെ പ്രകാശ് എന്നിവർക്കൊപ്പം ഹരീഷ് പേരാടി, ഇന്ദ്രൻസ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തിൽ അഭിനയിക്കുന്നുണ്ട്.

ചക്കാലയ്ക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലയ്ക്കലാണ് ചിത്രം നിർമ്മിക്കുന്നത്. സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവഹിക്കുന്നത്.

അതേസമയം വിനീത് നായകനായി വെള്ളിത്തിരയിൽ അവസാനമിറങ്ങിയ ചിത്രം അരവിന്ദന്റെ അതിഥികളാണ്. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം മോഹനനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ നിഖില വിമല്‍, ഉര്‍വശി, വിജയരാഘവന്‍, പ്രേംകുമാര്‍, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, അജു വര്‍ഗീസ് എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഥ പറയുമ്പോൾ, മാണിക്യക്കല്ല്, നയൻ വൺ സിക്സ് എന്നീ ചിത്രങ്ങൾക്കു  ശേഷം എം മോഹനൻ സംവിധാനം ചെയ്ത ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ഷാൻ റഹ്മാൻ സംഗീതവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും  നിർവഹിച്ച ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.

‘മകന്റെ അച്ഛൻ’, ‘പത്മശ്രീ ഡോ. സരോജ് കുമാർ’ എന്നീ ചിത്രങ്ങളിലാണ് ഇതിനു മുൻപ് ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങൾ.