വാച്ച്മാന്‍ ഏപ്രില്‍ 12 ന് തീയറ്ററുകളിലേക്ക്

March 18, 2019

പ്രേക്ഷകര്‍ ആകാംഷയടോ കാത്തിരിക്കുന്ന വാച്ച്മാന്‍ എന്ന സിനിമ തീയറ്ററുകളിലേക്കെത്തുന്നു. ചിത്രം ഏപ്രില്‍ 12 ന് ലോക വ്യാപകമായി റിലീസ് ചെയ്യും. ജി വി പ്രകാശാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. എംഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ജി വി പ്രകാശ് കുമാറിന് പുറമെ സുമന്‍, രാജ് അരുണ്‍, നീരവ് ഷാ തുടങ്ങിയവരും വാച്ച്മാനില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. അതേസമയം ചിത്രം ‘ ഡോണ്ട് ബ്രത്ത് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിമേക്കാണെന്നും സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി. ‘ഐ ആം എ ചൗക്കിദാര്‍ ടൂ’ എന്ന ബോര്‍ഡും കടിച്ചുപിടിച്ചിരിക്കുന്ന ഒരു നായയുടെ ചിത്രമാണ് പുതിയ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡബിള്‍ മീനിങ് പ്രൊഡക്ഷന്‍സിന്റെ ബാനിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

എം എല്‍ വിജയ് സംവിധാനം നിര്‍വ്വഹിച്ച നിരവധി സിനിമകളില്‍ ജി വി പ്രകാശ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് എം എല്‍ വിജയ് യുടെ ചിത്രത്തില്‍ ജി വി പ്രകാശ് നായക കഥാപാത്രമായെത്തുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. നവമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രത്തിന്റെ ടീസര്‍.

Read more:‘ലൂസിഫര്‍’; സുകുമാരന്റെ ആഗ്രഹത്തിന് പൂര്‍ത്തീകരണം: വൈറലായ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രമേയംകൊണ്ടുതന്നെ വിത്യസ്തമാവുകയാണ് ‘വാച്ച്മാന്‍’ എന്ന തമിഴ് സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ടീസര്‍. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്ന് തോന്നുവിധമാണ് ടീസര്‍ ഒരുക്കിയിട്ടുള്ളത്. രാത്രിയില്‍ ചിത്രീകരിച്ച രംഗങ്ങളാണ് ടീസറില്‍ കൂടുതലും. ജി വി പ്രകാശ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എന്നതും ഈ സിനിമയുടെ മുഖ്യ ആകര്‍ഷണമാണ്.