ദേ, ഇവനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ നായ; വീഡിയോ
തലവാചകം വായിക്കുമ്പോള്‍ ചിലപ്പോള്‍ പലരും നെറ്റിയൊന്ന് ചുളിച്ചേക്കാം. ഏറ്റവും ഭാഗ്യവാനായ നായയോ എന്ന് ആലോചിക്കുന്നവരുമുണ്ടാകാം. നമ്മളൊക്കെ ഇടയ്ക്ക് പറയാറില്ലെ ‘ഹൊ ഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്’ എന്നൊക്കെ. ഇത്തരത്തില്‍ ഒരു മഹത്തരമായ രക്ഷപ്പെടലാണ് ഈ നായയെ ലോകത്തിലെ ഏറ്റവും ഭാഗ്യവാനാക്കിയത്.
കുറച്ചേറെ നാളുകളായി ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ നായ എന്ന തലക്കെട്ടോടെ ഈ നായയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടിയിട്ട്. കരയില്‍ നിന്നും 220 കിലോമീറ്റര്‍ അകലെ അകപ്പെട്ടു പോയതാണ് ഈ നായ. ആഴക്കടലില്‍ നിന്നും എത്ര നീന്തിയാലും കരയിലെത്തില്ലന്നുറപ്പ്. ഈ 220 കിലോമീറ്റര്‍ അത്ര ചെറിയ ദൂരമൊന്നുമല്ലല്ലോ. പക്ഷെ ഭാഗ്യം ഈ നായയെ തുണച്ചു.നായ അകപ്പെട്ടുപെയ ആഴക്കടലിന്റെ സമീപത്തായി ഷെവറോണ്‍ കമ്പനിയുടെ ഒരു എക്‌സ്പഌറേറ്ററി ജാക്ക് അപ് റിഗ്ഗ് ഉണ്ടായിരുന്നു. അതിന്റെ കാലുകളില്‍ കയറിയിരുന്നു ഏങ്ങിക്കരയുന്ന ഈ നായയെ റിഗ്ഗിലെ തൊഴിലാളികള്‍ കണ്ടു. ഏകദേശം പതിനഞ്ച് മിനിറ്റോളം നേരം നീണ്ടുനിന്ന പരിശ്രമത്തിലൂടെ അവനെ തെഴിലാളികള്‍ രക്ഷിച്ചു. തായ് ഭാഷയില്‍ രക്ഷിക്കപ്പെട്ടവന്‍ എന്നര്‍ത്ഥമുള്ള ബൂണ്‍റോഡ് എന്ന് അവന് പേരും നല്‍കി. ഭാഗ്യം ഒന്നുകൊണ്ടുമാത്രം ഈ നായ പുതുജീവിതത്തിലേക്ക്.
Read more:മഴനൂല് പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ‘കാറ്റില്‍ വീഴാ…’ ഗാനം: വീഡിയോ
റിഗ്ഗിലെ തൊഴിലാളികളില്‍ ഒരാളാണ് ഈ നായയുടെ ചിത്രങ്ങളും വീഡിയോയും കഥകളുമൊക്കെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എണ്ണയുല്‍പാദനത്തിനായി ആഴക്കടലില്‍ സ്ഥാപിക്കുന്നതാണ് ഓഫ് ഷോര്‍ റിഗ്ഗുകള്‍. റിഗിലെ ഡോക്ടര്‍ നായയെ പരിശോധിക്കുകയും വേണ്ട മരുന്നുകള്‍ നല്‍കുകയും ചെയ്തു.
തുടര്‍ന്ന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം റിഗ്ഗിലേക്കുള്ള സാധനങ്ങളുമായി വന്ന സപ്‌ളൈ ബോട്ടില്‍ തൊഴിലാളികള്‍ ബൂണ്‍റോഡിനെ കയറ്റിവിടുകയും ചെയ്തു. വാച്ച്‌ഡോഗ് എന്ന പേരില്‍ നായകളെ സംരക്ഷിക്കുന്ന സംഘടനയുടെ പരിചരണയിലാണ് ബൂണ്‍റോഡിപ്പോള്‍.