മഴനൂല് പോലെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന ‘കാറ്റില്‍ വീഴാ…’ ഗാനം: വീഡിയോ

April 26, 2019

മനോഹരമായ പാട്ടുകള്‍ പലപ്പോഴും മഴ പോലെയാണ്. പാട്ടിന്റെ മഴനൂലായി അവയിങ്ങനെ ആസ്വാദകന്റെ ഹൃദയ ധമനികളിലേക്ക് ആഴ്ന്നിറങ്ങുന്നു. കാലാന്തരങ്ങള്‍ക്കും അപ്പുറത്തേക്ക് പാട്ടിന്റെ ജീവന്‍ ബാക്കി നില്‍ക്കുന്നതുകൊണ്ടാണല്ലോ വര്‍ഷങ്ങള്‍ പഴക്കമുള്ള പല പാട്ടുകളും ഇന്നും പലരും നെഞ്ചോട് ചേര്‍ക്കുന്നതും. അത്രമേല്‍ ആര്‍ദ്രമാണ് പാട്ടിന്റെ ഭംഗി.

ആസ്വാദകരുടെ ഹൃദയം തൊട്ടൊഴുകുകയാണ് ഉയരെ എന്ന ചിത്രത്തിലെ പുതിയ ഗാനം. ചിത്രത്തിലെ ‘കാറ്റില്‍ വീഴാ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട് ഈ ഗാനത്തിനും. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. അടുത്തിടെ പുറത്തിറങ്ങിയ ‘നീ മുകിലോ…’ എന്നു തുടങ്ങുന്ന ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായിരുന്നു.

ബി കെ ഹരിനാരായണനാണ് ‘കാറ്റില്‍ വീഴാ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലനാണ് ആലാപനം. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Read more:“പന്തെവിടെ…”, ദേ അമ്പെയറുടെ പോക്കെറ്റില്‍; ക്രിക്കറ്റിനിടെ ചിരി പടര്‍ത്തി ഒരു രസകരമായ വീഡിയോ

ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. ചിത്രം ഇന്ന് തീയറ്ററുകളിലെത്തുന്നു. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.