ആവേശ പോരാട്ടത്തിനൊടുവില്‍ രാജസ്ഥാനെ തോല്‍പിച്ച് സൂപ്പര്‍ കിങ്‌സ്

April 1, 2019

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആവേശ പോരാട്ടത്തിനൊടുവില്‍ എട്ട് റണ്‍സിനാണ് ചെന്നൈ വിജയം കുറിച്ചത്. അതേസമയം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റിങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തു. എം എസ് ധോണിയുടെ മിന്നും പ്രകടനം തന്നെയാണ് ചെന്നൈയെ തുണച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ 167 റണ്‍സ് ആണ് നേടിയത്.

മികവാര്‍ന്ന ബാറ്റിങിലൂടെ 46 പന്തില്‍ നിന്നും 75 റണ്‍സ് എം എസ് ധോണി നേടി. 36 റണ്‍സ് എടുത്ത സുരേഷ് റെയ്‌നയും 27 റണ്‍സ് നേടിയ ഡ്വെയ്ന്‍ ബ്രാവോയും ചെന്നൈയ്ക്ക് കരുത്ത് പകര്‍ന്നു. അവസാന ഓവറില്‍  12 റണ്‍സ് മാത്രമാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ബെന്‍ സ്റ്റോക്‌സ് പുറത്തായി. ഇതോടെ രാജസ്ഥാന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.

Read more:“ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ ഫഹദ് ആളാകെ മാറുന്നു”: സായി പല്ലവി

അതേസമയം ബാറ്റിങിന്റെ തുടക്കത്തില്‍ കാര്യമായ മികവ് പുലര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും കഴിഞ്ഞില്ല. ഒപ്പണര്‍മാരായ അമ്പാട്ടി റായിഡു ഒരു റണ്‍സും ഷെയ്ന്‍ വാട്‌സണ്‍ 13 റണ്‍സും മാത്രമെടുത്താണ് കളം വിട്ടത്. നാല് വീതം ബൗണ്ടറികളും സിക്‌സും നേടിയ ധോണി തന്നെയായിരുന്നു കളിയിലെ താരം. അതോടൊപ്പം 16 പന്തില്‍ നിന്നുമായി മൂന്ന് ബൗണ്ടറികളും ഒരു സിക്‌സും നേടിയ ബ്രാവോയും കളിയില്‍ തിളങ്ങി.

വിജയപ്രതീക്ഷയോടെയാണ് മറുപടി ബാറ്റിങ്ങിനായ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങിയതെങ്കിലും തുടക്കം തന്നെ രാജസ്ഥാനും പാളി. അക്കൗണ്ട് തുറക്കുന്നതിനു മുമ്പേ രഹാന പുറത്തായി. എട്ട് റണ്‍സ് എടുത്ത സഞ്ജു വി സാംസണും തൊട്ടുപിന്നാലെ കളം വിട്ടു.