പ്രേക്ഷകശ്രദ്ധ നേടി സാമന്തയും നാഗചൈതന്യയും; ‘മജിലി’യുടെ ട്രെയ്‌ലർ കാണാം..

April 4, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മജിലി. മികച്ച ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ശേഷം ആരാധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് മജിലിയുടെ ട്രെയ്‌ലർ.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനോടകം 40 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗചൈതന്യ ‘മജിലി’യില്‍ എത്തുന്നത്. ക്രിക്കറ്റിന് പുറമെ കുടുംബംകൂടി പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. വിശാഖപട്ടണത്താണ് കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. ഗോപിസുന്ദറാണ് ‘മജിലി’യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

ഫെബ്രുവരി പതിനാലാം തീയതിയാണ് ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ റിലീസ് ചെയ്തത്. തൊണ്ണൂറ്  ലക്ഷത്തിലധികം ആളുകള്‍ ഇതിനോടകംതന്നെ ടീസര്‍ കണ്ടുകഴിഞ്ഞു. ചിത്രത്തിലെ വൺ ബോയ് വൺ ഗേൾ എന്നു തുടങ്ങുന്ന ഗാനത്തിനും ആസ്വാദകർ ഏറെയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനം ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read more: ‘കൈക്കുഞ്ഞുമായി ആ അമ്മ മനസുതുറന്ന് പാടി’; കോഴിക്കോട് ബീച്ചിൽ അലയടിച്ച മധുര സുന്ദര ഗാനത്തിന്റെ ഉടമയെത്തേടി സംഗീത സംവിധായകൻ, വീഡിയോ

പുതിയ ചിത്രത്തിൽ പുതിയ ലുക്കിലാണ് നാഗചൈതന്യ വേഷമിടുന്നത്. ഈ  വർഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രം വിവാഹ ശേഷം നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്. താരദമ്പതികൾ വീണ്ടും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജീവിതത്തിനപ്പുറം വെള്ളിത്തിരയിലും മികവ് പുലർത്തുന്ന താരദമ്പതികൾക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരാണ്.