വിഷു ദിനത്തിൽ അട്ടപ്പാടിയിലെ കിടപ്പുരോഗികൾക്ക് കൈനീട്ടവുമായി സന്തോഷ് പണ്ഡിറ്റ്
സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നവരെയും പാവപ്പെട്ടവരെയും അന്വേഷിച്ച് കണ്ടുപിടിച്ച് സഹായഹസ്തവുമായി എത്താറുള്ള വ്യക്തിയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇത്തവണയും വിഷുവിന് പതിവ് തെറ്റിക്കാതെ വിഷുകൈനീട്ടവുമായി അട്ടപ്പാടിയിൽ എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.
എല്ലാവർഷവും വിഷുവിന് ഉരുവാസികൾക്ക് അവശ്യവസ്തുക്കളുമായി എത്താറുള്ള സന്തോഷ് പണ്ഡിറ്റ് ഇത്തവണ അട്ടപ്പാടിയിലെ കതിരമ്പതി, തൂവ, ചാവടിയൂർ, ഉറിയൻചാള, ചാവടിയൂർ എന്നീ ഊരുകളിലെ കിടപ്പുരോഗികളെയും സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ വസ്തുക്കൾ നല്കിയതിനൊപ്പം ഇനി അത്യാവശ്യമുള്ള സാധനങ്ങൾ ചോദിച്ചറിയുകയും ചെയ്തു അദ്ദേഹം. കഴിഞ്ഞ ഓണത്തിനും സൗഹൃദ ദിനത്തിലുമെല്ലാം അട്ടപ്പാടിയിലെ ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു.
Read also: കലിപ്പ് ലുക്കിൽ ടൊവിനോ; ശ്രദ്ധേയമായി ‘കൽക്കി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
അടുത്തിടെ സിവിൽ സർവീസിൽ 410 – ആം റാങ്കെന്ന ഉയർന്ന വിജയം നേടിയ ശ്രീധന്യ സുരേഷിന്റെ അട്ടപ്പാടിയിലെ വീട്ടിൽ അദ്ദേഹം എത്തിയതും സഹായ വാഗ്ദാനങ്ങൾ നൽകിയതും സമൂഹ മധ്യമങ്ങളിൽ വാർത്തയായിരുന്നു. ശ്രീധന്യ വയനാട് പൊഴുതന സ്വദേശിയാണ്. കുറിച്യ ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി സിവിൽ സർവ്വീസ് കരസ്ഥമാക്കുന്ന വ്യക്തി കൂടിയാണ് ശ്രീധന്യ. ഏറെ കഷ്ടപ്പാടുകൾക്കിടയിൽ നിന്നും കഠിനാദ്ധ്യാനത്തിലൂടെ മികച്ച വിജയം കരസ്ഥമാക്കിയ ശ്രീധന്യ കൂലിപ്പണിക്കാരനായ അച്ഛന്റെയും അമ്മയുടെയും മകളാണ്. ഇന്റർവ്യൂവിന് പോകാൻ പോലും പണം ഇല്ലാതിരുന്ന ശ്രീധന്യ സുഹൃത്തുക്കളിൽ നിന്നും പണം കടം വാങ്ങിയാണ് ഡൽഹിക്ക് വണ്ടി കയറിയത്. മകളുടെ പഠനത്തിനായി പത്രം വാങ്ങാൻ പോലും പണമില്ലാതിരുന്ന കുടുംബത്തിൽ നിന്നും ഉയർന്ന വിജയം കരസ്ഥമാക്കിയ ഈ മിടുക്കിക്കിപ്പോൾ അഭിനന്ദന പ്രവാഹമാണ്.
അതോടൊപ്പം ഒളിമ്പിക്സ് സ്വപ്നം കാണുന്ന ദ്യുതി എന്ന പെകുട്ടിയുടെ വീട്ടിൽ സഹായ ഹസ്തവുമായി എത്തിയ സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങളും വീഡിയോകളും വർത്തയായിരുന്നു. സൈക്ലിങ്, സ്വിമ്മിങ്, ഓട്ടം തുടങ്ങി നിരവധി കായിക മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ദ്യുതി. തിരുവനന്തപുരം ജില്ലയിലെ പോത്തന്കോട്ട എന്ന സ്ഥലത്താണ് ദ്യുതിയും കുടുംബവും ജീവിക്കുന്നത്.