തലശ്ശേരി സ്റ്റൈലിൽ ഒരു കിടിലൻ ഗാനം; ‘കക്ഷി അമ്മിണിപ്പിള്ള’യിലെ ഗാനം കാണാം..

April 7, 2019

മലയാളത്തിന് ഒരു മികച്ച ചിത്രംകൂടി സമ്മാനിക്കാൻ എത്തിയിരിക്കുകയാണ് ആസിഫ് അലിയും കൂട്ടരും. നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.  നിരവധി ഹാസ്യ രംഗങ്ങൾ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ടീസറിനും നേരത്തെ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. സനിലേഷ് ശിവന്റെ രചനയില്‍ ആസിഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കക്ഷി; അമ്മിണിപ്പിള്ള’. സാറ ഫിലിംസിന്റെ ബാനറില്‍ റിജു നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക

“യഥാര്‍ത്ഥ ജീവിതത്തില്‍ സാധിക്കാത്ത നിരവധി വേഷങ്ങള്‍ ഒരു നടന് അവതരിപ്പിക്കാൻ സാധിക്കും. ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഭാഗ്യമാണ്. ഒരു വക്കീലിന്റെ വേഷം ചെയ്യുകയെന്നത് ഞാൻ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു. ഈ പുതിയ ചിത്രത്തിലൂടെ ആ ആഗ്രഹം സഫലമാകാൻ പോകുകയണെന്നും നേരത്തെ ആസിഫ് അറിയിച്ചിരുന്നു.

Read also: ‘ഡോക്‌ടർ വേണ്ട പകരം ആപ്പിൾ’ അറിഞ്ഞിരിക്കാം ആപ്പിളിന്റെ ഗുണങ്ങൾ

അതേസമയം ആസിഫ് അലി മുഖ്യകഥാപാത്രമായി എത്തുന്ന ഉയരെയുടെ ചിത്രീകരണവും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ പാർവതി തിരുവോത്ത്, ടോവിനോ തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതമാണ് ഉയരെ എന്ന ചിത്രത്തിൽ പറയുന്നത്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയിൽ പാര്‍വ്വതി വേഷമിടുന്നത്. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.