വോട്ട് രേഖപെടുത്തുന്നവർക്ക് മാർഗനിർദ്ദേശങ്ങളുമായി ഗൂഗിൾ ഡൂഡിൽ
എല്ലാ വിശേഷ ദിനങ്ങളിലും മുഖം മിനുക്കി സുന്ദരിയാകാറുണ്ട് ഗൂഗിൾ…ഇപ്പോഴിതാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ മഷി പുരട്ടിയ ചൂണ്ടു വിരലിന്റെ ചിഹ്നമാണ് ഗൂഗിൾ ഡൂഡിൽ. ഇതിൽ ക്ലിക്ക് ചെയ്താൽ വോട്ട് രേഖപെടുത്തുന്നതുമായി ബന്ധപെട്ട നടപടി ക്രമങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പുതിയ ഗൂഗിൾ ഡൂഡിലിന്റെ സഹായത്തോടെ രാജ്യത്ത് ആദ്യമായി വോട്ട് ചെയ്യുന്ന പൗരന്മാർക്ക് വോട്ട് രേഖപെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ സംശയങ്ങൾക്കും മറുപടി പാഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. വോട്ടർ പട്ടികയിൽ വോട്ട് ഉണ്ടോയെന്ന് തിരിച്ചറിയുന്നതിനും, പോളിംഗ് ബൂത്ത് എവിടെയാണെന്ന് അറിയുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ലിങ്കുകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഗൂഗിൾ ഡൂഡിലിൽ ലഭ്യമാണ്. അതോടൊപ്പം ഏതൊക്കെ രേഖകളാണ് വോട്ട് ചെയ്യാനായി ഉപയോഗിക്കാൻ സാധിക്കുക എന്ന വിവരവും, വിവിധ ഘട്ടങ്ങളിലുള്ള പോളിങ്ങ് തിയതികൾ എന്നിവയും ഇവയിൽ ലഭ്യമാണ്.
Read also: മധുരരാജയ്ക്ക് സംഗീതത്തിൽ പൊതിഞ്ഞൊരു ആശംസയുമായി മഞ്ജരി; വീഡിയോ
ഏപ്രില് 11 മുതല് മെയ് 19 വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളിലായി 543 ലോക് സഭാ മണ്ഡലങ്ങളിലേയ്ക്ക് വോട്ടു ചെയ്യാനെത്തുന്നത് രാജ്യത്തെ 90 കോടി വോട്ടര്മരാണ്. ആദ്യഘട്ട വോട്ടെടുപ്പില് 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 42 തെക്കേ ഇന്ത്യൻ മണ്ഡലങ്ങളും ഉത്തര്പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില് വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, ഉത്തര്പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.
വോട്ട് ചെയ്യുക എന്നത് പതിനെട്ട് വയസ് പൂര്ത്തിയായ ഏതൊരു ഇന്ത്യന് പൗരന്റെയും അവകാശമാണ്. എന്നാല് തെരഞ്ഞെടുപ്പില് വോട്ടു ചെയ്യണമെങ്കില് വോട്ടര് പട്ടികയില് പേര് ഉണ്ടായിരിക്കണം എന്നത് നിര്ബന്ധം. അത് അറിയുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗവുമായാണ് ഇപ്പോൾ ഗൂഗിൾ ഡൂഡിൽ രംഗത്തെത്തിയിരിക്കുന്നത്.