കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

April 25, 2019

കേരളത്തിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമർദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. കേരളത്തിൽ 29, 30, മേയ് ഒന്ന് തീയതികളിൽ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ കനത്ത മഴയും പെയ്യാൻ സാധ്യതയുണ്ട്.

അതേസമയം കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്. നാളെ മുതൽ ഞായറാഴ്ച വരെയാണ് കടലിൽ പോകുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ മഹാ സമുദ്രത്തിന്റെ  ഭൂമദ്ധ്യ രേഖാപ്രദേശത്ത് രൂപം കൊണ്ട ന്യൂന മർദ്ദമാണ് കടൽ ക്ഷോഭത്തിന് കാരണമാകുന്നത്. എന്നാൽ തിരുവനന്തപുരം കടൽത്തീരത്ത് കടലാക്രമണം രൂക്ഷമാണ്.

ചുഴലിക്കാറ്റുണ്ടായാൽ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും.