അച്ഛന്‍ ബാറ്റിങില്‍ വിസ്മയം തീര്‍ത്തപ്പോള്‍ ഗാലറിയിലിരുന്ന് മകളുടെ ഡാന്‍സ്; താരമായി ധോണിയുടെ മകള്‍ സിവ: വീഡിയോ

April 1, 2019

ക്രിക്കറ്റ് താരങ്ങളുടെ കളത്തിന് പുറത്തുള്ള വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് കൗതുകം അല്‍പം കൂടുതലാണ്. ഒരല്പം രസകരവും ഒപ്പം അതിശയകരവുമായ ഒരു വിശേഷമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ മുമ്പിലേക്കെത്തുന്നതും. കായികലോകത്തെ ഇതിഹാസതാരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. അതുപോലെതന്നെ ഇതിഹാസതാരങ്ങളുടെ മക്കള്‍ക്കും. ഇക്കൂട്ടത്തില്‍ മുന്നില്‍തന്നെയാണ് ധോണിയുടെ മകള്‍ സിവ. നിരവധി ആരാധകരുമുണ്ട് ഈ കുട്ടിത്താരത്തിന്.

ആരാധകരുടെ പ്രീയപ്പെട്ട സിവ പണ്ടേയ്ക്ക് പണ്ടേ സാമൂഹ്യമാധ്യമങ്ങളില്‍ നിറസാന്നിധ്യമാണ്. മലയാളത്തില്‍ പാട്ടു പാടിയും തമിഴ് പറഞ്ഞും ധോണിക്കൊപ്പം ഡാന്‍സ് ചെയ്തുമെല്ലാം ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട് ഈ കുട്ടിത്താരം. ഇപ്പോഴിതാ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ് സിവ. ഇത്തവണ തമിഴിലെ ഒരു കിടിലന്‍ പാട്ടിനാണ് കുട്ടിസിവ ഡാന്‍സ്‌ചെയത്. രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മിലുള്ള മത്സരം വീക്ഷിക്കാനെത്തിയതായിരുന്നു സിവ. അച്ഛന്‍ ധോണി ബാറ്റിങില്‍ വിസ്മയം തീര്‍ത്തപ്പോള്‍ നൃത്തം ചെയ്ത് താരമായത് മകള്‍ കുട്ടി സിവ തന്നെയാണ്.

Read more:മേക്ക് ഓവറില്‍ അതിശയിപ്പിച്ച് അമിതാഭ് ബച്ചന്‍; ശ്രദ്ധേയമായി ഉയര്‍ന്ത മനിതന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍

അതേസമയം ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കിയിരിക്കുകയാണ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന ആവേശ പോരാട്ടത്തിനൊടുവില്‍ എട്ട് റണ്‍സിനാണ് ചെന്നൈ വിജയം കുറിച്ചത്. അതേസമയം തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റിങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തു. എം എസ് ധോണിയുടെ മിന്നും പ്രകടനം തന്നെയാണ് ചെന്നൈയെ തുണച്ചത്. മറുപടി ബാറ്റിങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റില്‍ 167 റണ്‍സ് ആണ് നേടിയത്.

മികവാര്‍ന്ന ബാറ്റിങിലൂടെ 46 പന്തില്‍ നിന്നും 75 റണ്‍സ് എം എസ് ധോണി നേടി. 36 റണ്‍സ് എടുത്ത സുരേഷ് റെയ്‌നയും 27 റണ്‍സ് നേടിയ ഡ്വെയ്ന്‍ ബ്രാവോയും ചെന്നൈയ്ക്ക് കരുത്ത് പകര്‍ന്നു. അവസാന ഓവറില്‍ 12 റണ്‍സ് മാത്രമാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ബെന്‍ സ്റ്റോക്‌സ് പുറത്തായി. ഇതോടെ രാജസ്ഥാന്റെ പ്രതീക്ഷയ്ക്കും മങ്ങലേറ്റു.