ചിന്ന തലയും പെരിയ തലയും തിളങ്ങി; ചെന്നൈക്കെതിരെ ഡൽഹിക്ക് കൂറ്റൻ വിജയ ലക്ഷ്യം

May 1, 2019

ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് കൂറ്റൻ സ്കോർ. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് ചെന്നൈ അടിച്ചു കൂട്ടിയത്. അർദ്ധസെഞ്ചുറി നേടിയ സുരേഷ് റെയ്നയാണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ജഡേജയും ധോണിയും ചെന്നൈ സ്കോറിൽ നിർണ്ണായക പങ്കു വഹിച്ചു.

ഡൽഹിക്ക് വേണ്ടി ഓപ്പണിംഗ് ബൗളർമാരായ ജഗദീഷ സുചിതും ട്രെൻ്റ് ബോൾട്ടും ഉജ്ജ്വലമായി പന്തെറിഞ്ഞതോടെ ചെന്നൈ ഓപ്പണർമാർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. നാലാം ഓവറിൽ 9 പന്തുകൾ നേരിട്ട വാട്സൺ പൂജ്യം റൺസിനു പുറത്താക്കുമ്പോൽ സ്കോർ ബോർഡിൽ നാല് റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.  തുടർന്ന് ക്രീസിലെത്തിയ റെയ്നയുടെ ആക്രമണാത്മക ബാറ്റിംഗാണ് ചെന്നൈ ഇന്നിംഗ്സിനു കരുത്തായത്. രണ്ടാം വിക്കറ്റിൽ ഡുപ്ലെസിസുമായി 83 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ റെയ്ന ഇതിനിടെ സീസണിലെ തൻ്റെ രണ്ടാം അർദ്ധസെഞ്ചുറിയും കണ്ടെത്തി.

14ആം ഓവറിലാണ് ഡുപ്ലെസിസ്-റെയ്ന സഖ്യം വേർപിരിയുന്നത്. 41 പന്തുകളിൽ 39 റൺസെടുത്ത ഡുപ്ലെസിസ് അക്സറിനു വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ റെയ്നയും മടങ്ങി. 37 പന്തുകളിൽ 59 റൺസടിച്ച റെയ്ന എട്ട് ബൗണ്ടറികളും ഒരു സിക്സറും അടിച്ചിരുന്നു. തുടർന്ന് സ്ലോഗ് ഓവറുകളിൽ ജഡേജയും ധോണിയും ചേർന്ന് നടത്തിയ കൂറ്റനടികളാണ് ചെന്നൈ സ്കോർ 160 കടത്തിയത്. 10 പന്തുകളിൽ 25 റൺസെടുത്ത ജഡേജ ധോണിയുമായി 43 റൺസ് നീണ്ട കൂട്ടുകെട്ടിലും പങ്കാളിയായി. 22 പന്തുകളിൽ 44 റൺസെടുത്ത ധോണി പുറത്താവാതെ നിന്നു.