രാജസ്ഥാൻ പുറത്ത്; ഡൽഹിക്ക് അനായാസ ജയം
രാജസ്ഥാൻ റോയൽസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം. 23 പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഡൽഹിയുടെ ജയം. അർദ്ധസെഞ്ചുറി നേടിയ ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ജയത്തോടെ ഡൽഹി പോയിൻ്റ് ടേബിളിൽ വീണ്ടും രണ്ടാമതെത്തി. രാജസ്ഥാൻ ടൂർണമെൻിൽ നിന്നും പുറത്താവുകയും ചെയ്തു.
116 വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയുടെ വിക്കറ്റുകൾ ഇടക്കിടെ വീഴ്ത്തിയെങ്കിലും ദുർബലമായ വിജയലക്ഷ്യം രാജസ്ഥാൻ്റെ വിധി എഴുതുകയായിരുന്നു. പൃഥ്വി ഷാ (8), ശിഖർ ധവാൻ (16), ശ്രേയാസ് അയ്യർ (15), കോളിൻ ഇൻഗ്രം (12), ഷെർഫൈൻ റൂതർഫോർഡ് (11) തുടങ്ങിയവരെല്ലാം വേഗം പുറത്തായെങ്കിലും 38 പന്തുകളിൽ 53 റൺസെടുത്ത ഋഷഭ് പന്ത് ഡൽഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
മൂന്നു വിക്കറ്റെടുത്ത ഇഷ് സോധിയും രണ്ട് വിക്കറ്റെടുത്ത ശ്രേയാസ് ഗോപാലുമാണ് രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്.
നേരത്തെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട് രാജസ്ഥാൻ ബാറ്റിംഗ് നിര തകർന്നടിഞ്ഞപ്പോൾ തൻ്റെ ആദ്യ ഐപിഎൽ അർദ്ധ സെഞ്ചുറിയുമായി തിളങ്ങിയ റയാൻ പരഗ് ആണ് രാജസ്ഥാനെ വൻ തകർച്ചയിൽ നിന്നും കര കയറ്റിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അമിത് മിശ്രയും ഇഷാന്ത് ശർമ്മയും ചേർന്നാണ് രാജസ്ഥാനെ തകർത്തത്.