17 വര്‍ഷം മലയാള സിനിമയില്‍ സഹനടന്‍; പ്രശാന്ത് നായക തുല്യനായി ബോളിവുഡിലേക്ക്
ഹെഡ് ലൈന്‍ വായിക്കുമ്പോള്‍ കൗതുകം തോന്നിയേക്കാം. അല്ലെങ്കില്‍ ശരിയാണോ എന്ന് ആലോചിച്ച് നെറ്റി ചുളിച്ചേക്കാം. എന്നാല്‍ സംഗതി സത്യമാണ്. മലയാള ചടലച്ചിത്രലോകത്ത് പതിനേഴ് വര്‍ഷക്കാലത്തോളം സഹനടനായിരുന്ന പ്രശാന്ത് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അതും നായക തുല്യമായ കഥാപാത്രമായി. ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ചിത്രത്തിലാണ് താരം പ്രധാന കഥാപാത്രങ്ങളിലൊരാളായി എത്തുന്നത്. അഞ്ച് പ്രധാന കഥാപാത്രങ്ങളുണ്ട് ഈ ചിത്രത്തില്‍. ഈ അഞ്ച് പേരില്‍ ഒരാളെയാണ് പ്രശാന്ത് അലക്സാണ്ടര്‍ അവതരിപ്പിക്കുന്നത്.
‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. മികച്ച പ്രേക്ഷക സ്വീകാര്യത ട്രെയ്ലറിന് ലഭിക്കുന്നുണ്ട്. ഒരു തീവ്രവാദ നേതാവിനെ തേടി ഇറങ്ങുന്ന അഞ്ച് സാധാരണ യുവാക്കളുടെ കഥയാണ് ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. രാജ് കുമാര്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയില്‍ പിള്ള എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് അലക്സാണ്ടര്‍ അവതരിപ്പിക്കുന്നത്.
Read more:മലയാളികള്‍ക്ക് ഏറ്റുപാടാന്‍ ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’യിലെ മനോഹരമായൊരു പ്രണയഗാനം
അര്ജുന് കപൂര്‍, രാജേഷ് ശര്‍മ്മ, ഗൗരവ് മിശ്ര, ആസിഫ് ഖാന്, പ്രവീണ്‍ സിങ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മെയ് 24 ന് ചിത്രം തീയറ്ററുകളിലെത്തും. ബോംബെ, പാട്ന, നേപ്പള്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ് എന്ന സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലര് ഇതിനോടകം തന്നെ ഒരു കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
കമല്‍ സംവിധാനം നിര്‍വ്വഹിച്ച ‘നമ്മള്’ എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് അലക്സാണ്ടര്‍ മലയാള ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായത്. പിന്നീട് വിവിധ സിനിമകളിലായി നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. അച്ഛനുറങ്ങാത്ത വീട്, ഓര്‍ഡിനറി, ആക്ഷന്‍ ഹീറോ ബിജു, ജോണി ജോണി എയ് അപ്പ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രശാന്ത് വിത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന, മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മധുരരാജ’ എന്ന ചിത്രത്തിലും പ്രശാന്ത് എത്തുന്നുണ്ട്. എന്തായാലും ബോളിവുഡിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റത്തെ പ്രതീക്ഷയോടെയാണ് മലയാള പ്രേക്ഷകരും കാത്തിരിക്കുന്നത്.