പത്താം ക്ലാസിൽ ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റു; ഇന്ന് ഇംഗ്ലീഷ് അധ്യാപകൻ; തോറ്റവർക്ക് ഊർജം പകർന്ന് ഒരു കുറിപ്പ്
ജയിച്ചവർ മാത്രമല്ല, തോറ്റവനും പറയാനുണ്ട് വിജയത്തെക്കുറിച്ച്. അത്തരത്തിൽ വൈറലാകുകയാണ് വിപിൻ ദാസ് എന്ന അധ്യാപകന്റെ ഫേസ്ബുക്ക് കുറിപ്പ്. പത്താം ക്ലാസ് റിസൾട്ട് വന്നതിന്റെ പിന്നാലെയാണ് പരാജയത്തിന്റെ കയ്പ്പ് രുചിച്ച അനുഭവം പങ്കുവെയ്ക്കുന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഇംഗ്ലീഷ് പരീക്ഷയ്ക്ക് തോറ്റ താൻ ഇംഗ്ലീഷ് അധ്യാപകനായ കഥയാണ് വിപിൻ ദാസ് പങ്കുവെയ്ക്കുന്നത്. ഞാനും തോറ്റിട്ടുണ്ട്, അതുകൊണ്ടുതന്നെ തോറ്റവർ ഒരിക്കലും വിഷമിക്കരുത്, എന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പ് ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക, നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണെന്നും ഈ അധ്യാപകൻ പറയുന്നുണ്ട്.
യുവ തലമുറക്ക് ഊർജം പകരുന്ന മാതൃകാ വിദ്യാഭ്യാസ ജീവിതം. ആരും തോൽക്കുന്നവരല്ല. എല്ലാവരും വിജയിക്കാൻ കഴിവുള്ളവരാണ് എന്നതിന്റെ നേർ സാക്ഷ്യം തുടങ്ങി നിരവധി കമന്റുകളാണ് വിപിൻ ദാസ് എന്ന അധ്യാപകന്റെ ഫേസ്ബുക്ക് കുറിപ്പിനെ അഭിനന്ദിച്ച് വരുന്നത്.
വിപിൻ ദാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
“ഞാൻ തോറ്റിരുന്നു…
തോറ്റവർ ഉണ്ടെങ്കിൽ വിഷമിക്കരുത്
എന്റെ ഇംഗ്ലീഷിന്റെ മാർക് കണ്ട് ചിരിവരുന്നുണ്ടോ???
ഇന്ന് ഞാൻ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്..
നിങ്ങൾ അറിയാൻ…..
ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ഊർജ്ജം അയാളുടെ ലക്ഷ്യത്തിന് അനുസരിച്ചാണ് ലഭിക്കുക. അതായത് വെളുപ്പിന് എഴുന്നേറ്റ് പഠിക്കുന്ന വിദ്യാർഥി, തന്റെ ഇന്നത്തെ സന്തോഷം ത്യജിച്ച് നാളയിലെ വലിയ സന്തോഷങ്ങൾക്കായി പരിശ്രമിക്കുമ്പോലെ, നാളെയിലെ സന്തോഷങ്ങൾക്കായി ചില കഷ്ടപ്പാടുകൾ കൂടി സഹിക്കുവാൻ തയ്യാറാവുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ്….
NB- തോറ്റപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നത് ഒരു ഇംഗ്ലീഷ് ടീച്ചർ ആകണം എന്ന് തന്നെയായിരുന്നു….”