‘തീവണ്ടി’യിലെ സംഗീതത്തിന് കൈലാസിനൊരു മധുര സമ്മാനം

May 10, 2019

ചില സമ്മാനങ്ങള്‍ക്ക് മധുരം അല്‍പം കൂടുതലാണ്. ‘തീവണ്ടി’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായ കൈലാസ് മേനോനും അങ്ങനൊരു സമ്മാനത്തിന്റെ നിറവിലാണ് ഇപ്പോള്‍.  ‘തീവണ്ടി’യുടെ നിര്‍മ്മാതാവ് ആണ് ഈ സ്നേഹ സമ്മാനത്തിന് പിന്നില്‍. തീയറ്ററുകളില്‍ ‘തീവണ്ടി’ എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയപ്പോള്‍ ചിത്രത്തിലെ ഗാനങ്ങളെല്ലാം പ്രേക്ഷകന്‍റെ ഹൃദയത്തിലും ഇടം നേടിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ഷാജി നടേശന്‍ കൈലാസ് മേനോന് സ്നേഹസമ്മാനമായി നല്‍കിയത്. കൈലാസ് തന്നെ ഈ സന്തോഷം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു.

“സിനിമ വിജയിക്കുമ്പോൾ നിർമാതാവ് സംവിധായകന് സമ്മാനം കൊടുക്കുന്നതിനെ പറ്റി കേട്ടിട്ടുണ്ട്. ജന്റിൽമാൻ സൂപ്പർ ഹിറ്റ് ആയപ്പോൾ കെ.ടി കുഞ്ഞുമോൻ ശങ്കറിന് കാർ സമ്മാനമായി നൽകി എന്നതാവും ആദ്യമായി കേട്ട അത്തരം വാർത്ത. പക്ഷെ ഇതാദ്യമായി ആവും ഒരു നിർമാതാവ് സിനിമയുടെ വിജയത്തിന്റെ മധുരം സംഗീത സംവിധായകന് കൂടെ പകുത്ത് നൽകുന്നത്. അതെ..തീവണ്ടി എന്ന സിനിമ നിർമിച്ച August Cinemaയുടെ അമരക്കാരൻ ഷാജിയേട്ടൻ (Shaji Natesan) ഇന്ന് എന്നെ നേരിൽ വിളിച്ചു നൽകിയത് 5 ലക്ഷം രൂപ. ഈ കിട്ടിയ അംഗീകാരം മുന്നോട്ടുള്ള യാത്രയ്ക്ക് നൽകുന്ന ഊർജം ചെറുതല്ല. തീവണ്ടിയുടെ നിർമാതാവ് ഷാജിയേട്ടനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് സംവിധായകൻ ഫെല്ലിനിക്കും തിരക്കഥാകൃത്ത് വിനി വിശ്വലാലിനും മറ്റ് എല്ലാ അണിയറ പ്രവർത്തകർക്കും ചിത്രത്തിന്റെ സംഗീതം ഏറ്റെടുത്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു” കൈലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

2018ല്‍-മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടിയ ഗാനമാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം. ഏറെ പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു ഈ ഗാനം.തീവണ്ടി’ റിലീസ് ആകുന്നതിനു മുമ്പേ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധാനം. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി ചിത്രത്തിലെത്തയത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’.