നിർമ്മാതാവായി ദുൽഖർ; ആദ്യ ചിത്രത്തിൽ മൂന്ന് നായികമാർ

May 14, 2019

ദുൽഖർ സൽമാൻ നിർമ്മാതാവാകുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പൂജ ചിത്രങ്ങൾക്കൊപ്പമാണ് ദുൽഖർ നിർമ്മാതാവാകാൻ പോകുന്നുവെന്ന വാർത്ത ആരാധകരുമായി പങ്കുവെച്ചത്.

ചിത്രത്തെക്കുറിച്ച് കൂടുതൽ ഒന്നും വെളിപ്പെടുത്താതിരുന്ന താരം സിനിമയുടെ കൂടുതൽ വിവരങ്ങൾ അടുത്തുതന്നെ പുറത്തുവിടുമെന്നും അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ മൂന്ന് നായികമാർ ഉണ്ടാകുമെന്നുള്ള വിവരങ്ങൾ പുറത്തിവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. അനു സിത്താര, നിഖില വിമല്‍, അനുപമ പരമേശ്വരന്‍ എന്നിവരായിരിക്കും ചിത്രത്തിലെ ആ മുന്ന് നായികമാര്‍. ജേക്കബ് ഗ്രിഗറിയാവും ചിത്രത്തില്‍ നായകന്‍ എന്നുള്ള തരത്തിലുള്ള വാർത്തകളും  പുറത്തുവരുന്നുണ്ട്..

ആലുവയിൽ വച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. അതേസമയം ദുൽഖറിനൊപ്പം സണ്ണി വെയ്ൻ, ഷാനി ശാഖി, ശേഖർ മേനോൻ, ഗ്രിഗറി ജേക്കബ്, വിജയ രാഘവൻ, ബിബിൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിന്റെ പൂജ ചടങ്ങിൽ പങ്കെടുത്തു. നവാഗതനായ ഷംസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയരാഘവന്‍, ശ്രീലക്ഷ്മി, സുധീഷ് തുടങ്ങിയവരും ചിത്രത്തിൽ അഭനയിക്കുന്നുണ്ട്.

Read also: ഇവനാണ് ലോകത്തിലെ ഏറ്റവും മികച്ച ബൗളർ; പ്രഖ്യാപനവുമായി സച്ചിൻ

അഭിനയത്തിന് പുറമെ നിര്മ്മാതാവായും മലയാള സിനിമയുടെ ഭാഗമാകാൻ ഒരുങ്ങുന്ന ദുൽഖർ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്.