200 കോടിയും കടന്ന് ‘ലൂസിഫര്‍’; ചരിത്രവിജയമെന്ന് ആരാധകര്‍
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ചിത്രമാണ് ‘ലൂസിഫര്‍’. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന, മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭം. ലൂസിഫറിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നതാവും ഏറ്റവും ഉചിതം. ചിത്രത്തിലെ ഓരോ രംഗങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം 200 കോടി നേടിയെന്ന വാര്‍ത്തയും പുറത്തെത്തി. ലൂസിഫറിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു ചിത്രം 200 കോടി ക്ലബില്‍ ഇടം നേടുന്നതും.
റിലീസിന്റെ അമ്പതാം ദിനത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലും ലൂസിഫര്‍ എത്തി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമായിരിക്കുമെന്നും ആമസോണ്‍ പ്രൈം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തീയറ്ററുകളിലെത്തിയത്. ചരിത്രം കുറിച്ചുകൊണ്ടുതന്നെയായിരുന്നു ചിത്രത്തിന്റെ റിലീസ്. മികച്ച ഒരു സസ്പെന്‍സ് ത്രില്ലറാണ് ലൂസിഫര്‍. ജനനേതാവായ പി കെ ആര് എന്ന പി കെ രാംദാസിന്റെ മരണത്തില്‍ നിന്നുമാണ് ചിത്രത്തിന്റെ ആരംഭം. പി കെ ആറിന്റെമരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവര്‍ക്കെതിരെ പോരാടുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയിലൂടെയുമാണ് തുടര്‍ന്നുള്ള ചിത്രത്തിന്റെ പ്രയാണം.
ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ആരാധകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന സിനിമയാണ് ലൂസിഫര്‍. അഭിനയത്തില്‍ വിസ്മയം സൃഷ്ടിക്കുന്ന മോഹന്‍ലാല്‍ എന്ന കലാകാരനെ മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ സമ്മാനിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകന് പുലര്‍ത്തിയ മികവ് അസാമാന്യമെന്ന് തന്നെയാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ വിലയിരുത്തല്‍.
ചിത്രത്തില്‍ വില്ലനായി അവതരിച്ച വിവേക്ഒബ്റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയില്‍ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിന് രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളര്‍ത്താനുമറിയാവുന്ന നേതാവായി സായ്കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.