കരുതിയിരിക്കാം വ്യാജവാർത്തകൾക്കെതിരെ…
‘നാളെ ഹർത്താൽ’… ‘പ്രമുഖ നടൻ അന്തരിച്ചു’… ‘നടി വിവാഹമോചിതയായി’ .. ഇങ്ങനെ ചില വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി നാം കാണാറുണ്ട്. ചിലപ്പോഴൊക്കെ ഇത്തരം വാർത്തകളെ വൈറലാക്കുന്നതിൽ നമ്മളിൽ പലരും ഭാഗങ്ങളായി മാറാറുണ്ട്. എന്നാൽ ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? അത് വരുത്തിവയ്ക്കുന്ന പരിണിതഫലങ്ങൾ ചിലപ്പോൾ നികത്താൻ കഴിയാത്തതാണ്.
സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വ്യാജ വാർത്തകൾ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സിനിമ താരങ്ങളെയാണ്. സമൂഹ മാധ്യമങ്ങൾ കൊന്ന് ഉയർത്തെഴുന്നേല്പിച്ച നിരവധി താരങ്ങളുണ്ട് നമുക്ക് ചുറ്റും. ചിലപ്പോൾ മരിച്ചവർ തന്നെ തിരിച്ചു വരേണ്ടിവരും തങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് അറിയിക്കാൻ. ചിലപ്പോൾ സത്യം തെളിയിക്കാൻ അവർ സ്വീകരിക്കേണ്ടി വരുന്ന മാർഗങ്ങൾ ഏറെ വേദനാജനകമാണ്.
വ്യാജവാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നവർ ഒരു തമാശയ്ക്ക് വേണ്ടി മാത്രമായിരിക്കും ഇത് ചെയ്യുന്നത്. എന്നാൽ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ച വ്യാജവാര്‍ത്തകളാണ് സമീപകാലത്ത് ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കാരണമായി വരെ കണ്ടെത്തിയിരുന്നത് എന്നത് ഏറെ ഗുരുതരമായ ഒരു വാർത്തയാണ്. ഈ വർഷം ആഘോഷിക്കപ്പെട്ട പ്രധാന വ്യാജ വാർത്തകൾ ഏതൊക്കെ എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ഒരുപക്ഷേ നമ്മളെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങൾ ആയിരിക്കും. കാരണം നമ്മളിൽ പലരും ഇപ്പോഴും സത്യമെന്ന് വിചാരിക്കുന്ന വാർത്തകളായിരിക്കാം അവയിൽ പലതും.
ഇത്തരം വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾ തന്നെയാണ്, കാരണം ശരിയും തെറ്റും പോലും തിരിച്ചറിയാൻ സാധികാത്ത ഒരു സമൂഹത്തെയാണ് നമ്മൾ വാർത്തെടുത്തുകൊണ്ടിരിക്കുന്നത്. അതിനാൽ കരുതിയിരിക്കാം വ്യാജ വാർത്തകൾക്കെതിരെ….