ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ വിജയം നേടി അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും
ലോകകപ്പ് ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ.. ലോകകകപ്പിനു മുന്നോടിയായി ഇന്നലെ നടന്ന സന്നാഹ മത്സരങ്ങളിൽ വിജയം നേടി അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ അട്ടിമറിച്ചപ്പോൾ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക വിജയം കരസ്ഥമാക്കിയത്.
മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആധികാരികമായാണ് പാക്കിസ്ഥാനെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 48-ആം ഓവറിൽ തന്നെ 262 റൺസിന് എല്ലാവരും പുറത്തായി. തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം അഞ്ചാം വിക്കറ്റിൽ ബാബർ അസവും ഷൊഐബ് മാലിക്കും ചേർന്ന് 102 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയതാണ് പാക്ക് ഇന്നിംഗ്സിനു തുണയായത്. ഷൊഐബ് മാലിക്ക് 44 റൺസെടുത്തും ബാബർ അസം 112 റൺസെടുത്തും പുറത്തായി. 3 വിക്കറ്റെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാൻ ബൗളിംഗിൽ തിളങ്ങിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗനിസ്ഥാനു വേണ്ടി ഓപ്പണർമാരായ മുഹമ്മദ് ഷഹ്സാദും ഹസ്രതുള്ള സസായും ചേർന്ന് നല്ല തുടക്കം നൽകി. 23 റൺസെടുത്ത് നിൽക്കെ റിട്ടയർഡ് ഹർട്ടായി ഷഹ്സാദ് പുറത്തായെങ്കിലും പിന്നീട് വന്ന എല്ലാവരും അഫ്ഗാൻ ഇന്നിംഗ്സിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകി. 74 റൺസെടുത്ത ഹസ്മതുള്ള ഷാഹിദി പുറത്താവാതെ നിന്നു. ഹസ്രതുള്ള സസായ് (49), റഹ്മത് ഷാ (32), ഷെൻവാരി (22), മുഹമ്മദ് നബി (34) എന്നിവരാണ് അഫ്ഗാനിസ്ഥാൻ്റെ മറ്റു സ്കോറർമാർ. മൂന്നു വിക്കറ്റെടുത്ത വഹാബ് റിയാസാണ് പാക് ബൗളിംഗിൽ മികച്ചു നിന്നത്.
Read also: ഭൂതകാലം വേട്ടയാടുന്ന ശ്രീലങ്ക അഥവാ പല്ലു കൊഴിഞ്ഞ സിംഹളർ
ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 87 റൺസിനാണ് തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടപ്പെടുത്തി 338 റൺസ് അടിച്ചു കൂട്ടി. ഹാഷിം അംല (65), ഫാഫ് ഡുപ്ലെസിസ് (88), വാൻഡെർ ഡുസ്സൻ (40) തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി തിളങ്ങിയത്.
രണ്ടാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ ദിമുത് കരുണരത്നെ (87), ആഞ്ജലോ മാത്യൂസ് (64), കുശാൽ മെൻഡിസ് (37) എന്നിവർ പൊരുതി നോക്കിയെങ്കിലും 251 റൺസിന് എല്ലാവരും പുറത്തായി. നാലു വിക്കറ്റെടുത്ത ആൻഡൈൽ പെഹ്ലുക്ക്വായോ ആണ് ശ്രീലങ്കയെ തകർത്തത്.
ഇന്ന് നടക്കുന്ന സന്നാഹ മത്സരങ്ങളിൽ ഇന്ത്യ ന്യൂസിലൻഡിനെയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനെയും നേരിടും.