ഇന്നാണ് ആ വലിയ ദിനം; ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുമ്പോൾ

November 19, 2023

എല്ലാവരും കാത്തിരിക്കുന്ന ആ വലിയ ദിവസമാണ് ഇന്ന്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023ന്റെ ഫൈനൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. അഹമ്മദാബാദിലെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയരായ ഇന്ത്യ, അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ നേരിടുകയാണ്. 1983ലും 2011ലും യഥാക്രമം 2 തവണ ഇന്ത്യ കിരീടം നേടിയിട്ടുണ്ട്, നവംബർ 19 ഞായറാഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ചരിത്രത്തിലേക്ക് മറ്റൊരു ഷോട്ട് കൂടി ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

132,000 കാണികൾക്ക് ഇരിക്കാവുന്ന പ്രശസ്തമായ സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും ഉൾപ്പെടെയുള്ള പ്രമുഖർ ലോകകപ്പ് ഫൈനൽ മത്സരം വീക്ഷിക്കും. പ്രധാനമന്ത്രി മോദി, മാർലെസ് എന്നിവരെ കൂടാതെ കേന്ദ്ര സർക്കാർ മന്ത്രിമാരും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ ഫൈനൽ മത്സരം കാണാൻ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ഇന്ത്യൻ എയർഫോഴ്‌സിന്റെ ഗ്രാൻഡ് എയർ ഷോ ഉൾപ്പെടുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുന്ന ഇവന്റുകളുടെയും സെലിബ്രിറ്റികളുടെയും മുഴുവൻ പട്ടികയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പുറത്തുവിട്ടു. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീമിന്റെ 10 മിനിറ്റ് എയർഷോ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് ടോസിന് ശേഷം നടക്കും.

Read also:ഗ്രാമവാസികളുടെ മുഖമുള്ള ശില്പങ്ങൾ; കൗതുകമായി കടലിനടിയിൽ ഒരു ആർട്ട് ഗാലറി

1983ലെയും 2011ലെയും ഫലങ്ങളുടെ ആവർത്തനം പ്രതീക്ഷിച്ച് രണ്ട് മുൻ ലോകകപ്പ് ജേതാക്കളായ കപിൽ ദേവ്, മഹേന്ദ്ര സിംഗ് ധോണി എന്നിവരും ഇന്ത്യൻ കാണികളുടെ ‘നീല സമുദ്രം’ സ്റ്റേഡിയത്തിൽ ഉണ്ടാകും. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും ഇംഗ്ലണ്ടിന്റെ ഇയോൻ മോർഗനും കമന്ററി ടീമിന്റെ ഭാഗമായി ഇന്ത്യയിൽ ഉണ്ട്.

Story highlights- world cup final 2023