മികച്ച പ്രതികരണം നേടി ‘ജിംബൂംബാ’; വിജയമാഘോഷിച്ച് താരങ്ങള്‍; വീഡിയോ

May 27, 2019

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ജിംബൂംബാ എന്ന ചിത്രം. അഷ്‌കര്‍ അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജിംബൂംബാ’. നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഈ മാസം 24-നാണ് ജിംബൂംബാ തീയറ്ററുകളിലെത്തിയത്. ബൈജു സന്തോഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പുതുമയാര്‍ന്ന പ്രമേയം ചിത്രത്തെ വിത്യസ്തമാക്കുന്നു. നര്‍മ്മരസങ്ങളുടെ ഒരു മനോഹരവിരുന്നാണ് ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതും. ഹാസ്യത്തിനൊപ്പം ആകംഷയും കൂടിചേരുന്നതോടെ ചിത്രം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടുന്നു. ഇപ്പോഴിതാ ജിംബൂംബായുടെ വിജയമാഘോഷിച്ചിരിക്കുകയാണ് താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ചേര്‍ന്ന്. കേക്ക് മുറിച്ച് മധുരം പങ്കുവെച്ച് ചിത്രത്തിന്റെ വിജയം ആഘോഷിച്ചു.

ഒരു കോമഡി ത്രില്ലറാണ് ജിംബൂംബ. മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചിന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. അസ്‌കര്‍ അലിക്കു പുറമെ അഞ്ജു കുര്യന്‍, നേഹ സക്‌സേന, അനീഷ് ഗോപാല്‍, ലിമു ശങ്കര്‍, കണ്ണന്‍ നായര്‍, രാഹുല്‍ നായര്‍ ആര്‍ എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ജീംബൂംബാ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നതും. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ജിംബൂബാ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ചിത്രത്തിന്റെ ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അതേസമയം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ മലയാളം റാപ് ഗാനത്തിനും മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.Read more:ടിക്ക് ടോക്കില്‍ കൈയടി നേടി ഒരു ‘ലൂസിഫര്‍’ ചിത്രീകരണം; ചിരിവീഡിയോ

മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ആസിഫ് അലിയുടെ സഹോദരനാണ് അഷ്‌കര്‍ അലി.2017 ല്‍ തീയറ്ററുകളിലെത്തിയ ‘ഹണീ ബീ 2.5’ എന്ന ചിത്രത്തിലൂടെയാണ് അഷ്‌കര്‍ അലിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് അരുണ്‍ വൈഗ സംവിധാനം നിര്‍വ്വഹിച്ച ‘ചെമ്പരത്തിപൂവ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായെത്തി.’കാമുകി’ യാണ് അഷ്‌കര്‍ അലി നായകനായെത്തിയ അവസാന ചിത്രം.