സച്ചിന്റെ ആ സൂപ്പര്‍ ഫാന്‍ ഈ ലോകകപ്പിനും സാക്ഷിയാകും

May 27, 2019

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസതാരമാണ് സച്ചിന്‍ തെണ്ടൂല്‍ക്കര്‍. കളിക്കളത്തില്‍ ബാറ്റുകൊണ്ട് താരം വിസ്മയങ്ഹല്‍ സൃഷ്ടിക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ കൊണ്ടു നിറഞ്ഞു. അത്രയധികമുണ്ട് സച്ചിന്‍ തെണ്ടൂല്‍ക്കറിനുള്ള ആരാധകരും.

എന്നാല്‍ ഇതിഹാസ താരത്തിന് ഒരു സൂപ്പര്‍ ഫാന്‍ ഉണ്ട്. സുധീര്‍ കുമാര്‍ ചൗധരി. സച്ചിന്‍ തെണ്ടൂല്‍ക്കറിന്റെ കടുത്ത ആരാധകനാണ് ഇയാള്‍. ഈ ലോകകപ്പില്‍ സച്ചിന്‍ കളിക്കുന്നില്ലെങ്കിലും ഇന്ത്യന്‍ ടീമുകള്‍ക്ക് ആവേശം പകര്‍ന്ന് സുധീര്‍ കുമാര്‍ ചൗധരിയും ഗാലറിയിലുണ്ടാകും. ദേഹത്താകെ ത്രിവര്‍ണ്ണം പൂശി, ഇന്ത്യന്‍ പതാക വാനോളം ഉയര്‍ത്തി വീശി ഇയാള്‍ ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടും.

സച്ചിന്‍ തെണ്ടൂല്‍ക്കര്‍ തന്നെയാണ് ഇത്തവണത്തെ ലോകകപ്പ് കാണാന്‍ സുധീര്‍ കുമാര്‍ ചൗധരിക്ക് അവസരമൊരുക്കി നല്‍കിയിരിക്കുന്നതും. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ന്യൂസ്ലന്‍ഡ് സന്നാഹ മത്സരത്തിലും ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്നുകൊണ്ട് ഗാലറിയില്‍ സച്ചിന്റെ ഈ സൂപ്പര്‍ ഫാന്‍ ഉണ്ടായിരുന്നു.

Read more:അഭിമന്യുവിന്റെ കഥയുമായി ‘നാന്‍ പെറ്റ മകന്‍’; ജൂണ്‍ 21 ന് തീയറ്ററുകളിലേക്ക്

പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ക്കെ സച്ചിന് പിന്നാലെ ഓടിത്തുടങ്ങിയതാണ് സുധാര്‍ കുമാര്‍ ചൗധരി. സച്ചിന്‍ വിരമിച്ച ശേഷവും ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്ന് സുധീര്‍ ഗാലറിയില്‍ പ്രത്യക്ഷപ്പെടുന്നു. 319 ഏകദിനങ്ങളിലും 66 ടെസ്റ്റുകളിലും 73 ട്വന്റി20 മത്സരങ്ങളിലും സുധീര്‍ സാന്നിധ്യമായി. ആദ്യ കാലങ്ങളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ സൈക്കിളിലായിരുന്നു സുധീറിന്റെ യാത്ര. പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമൊക്കെ സുധിര്‍ ഇങ്ങനെ സൈക്കിള്‍ സവാരി നടത്തിയിട്ടുണ്ട്.