70 അടിച്ച് വില്ല്യംസൺ; സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ
സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 176 റൺസ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് സൺ റൈസേഴ്സ് നേടിയത്. 70 റൺസെടുത്ത ക്യാപ്റ്റൻ കെയിൻ വില്ല്യംസണാണ് സൺ റൈസേഴ്സിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 3 വിക്കറ്റെടുത്ത വാഷിംഗ്ടൺ സുന്ദറാണ് ബാംഗ്ലൂരിനു വേണ്ടി തിളങ്ങിയത്.
ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും വൃദ്ധിമാൻ സാഹയും ചേർന്ന് മികച്ച തുടക്കമാണ് സൺ റൈസേഴ്സിനു നൽകിയത്. അഞ്ചാം ഓവറിൽ നവദീപ് സൈനിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഗപ്റ്റിലുമായി ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 46 റൺസ് സാഹ കൂട്ടിച്ചേർത്തിരുന്നു. 11 പന്തുകളിൽ 20 റൺസെടുത്ത ശേഷമാണ് സാഹ പുറത്തായത്.
തുടർന്ന് ക്രീസിലെത്തിയത് സൺ റൈസേഴ്സിൻ്റെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ ഹീറോ മനീഷ് പാണ്ഡെ. എന്നാൽ 12 പന്തുകൾ മാത്രമായിരുന്നു മനീഷിൻ്റെ ആയുസ്സ്. എട്ടാം ഓവറിൽ ഗപ്റ്റിലിനെയും മനീഷിനെയും പുറത്താക്കിയ വാഷിംഗ്ടൺ സുന്ദർ ബാംഗ്ലൂരിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. ഗപ്റ്റിൽ 30 റൺസും പാണ്ഡെ 9 റൺസെടുത്തുമാണ് പുറത്തായത്.
തുടർന്ന് നായകൻ കെയിൻ വില്ല്യംസണും വിജയ് ശങ്കറും ചേർന്ന് സൺ റൈസേഴ്സ് ഇന്നിംഗ്സിന് ദിശാബോധം നൽകി. നാലാം വിക്കറ്റിൽ 45 റൺസ് ചേർത്ത ഇരുവരും 14ആം ഓവറിലാണ് വേർപിരിഞ്ഞത്. 18 പന്തുകളിൽ 27 റൺസെടുത്ത വിജയ് ശങ്കർ വാഷിംഗ്ടൺ സുന്ദറിന് മൂന്നാം വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ശേഷം ക്രീസിലെത്തിയ ആർക്കും വില്ല്യംസണ് പിന്തുണ നൽകാനായില്ല. യൂസുഫ് പത്താൻ (3), മുഹമ്മദ് നബി (4), റാഷിദ് ഖാൻ (1) എന്നിവർ വേഗം പുറത്തായി. സ്ലോഗ് ഓവറുകളിൽ ബാംഗ്ലൂർ ബൗളർമാർ വളരെ ഉജ്ജ്വലമായി പന്തെറിഞ്ഞെങ്കിലും ഉമേഷ് യാദവ് എറിഞ്ഞ അവസാന ഓവറിൽ 23 റൺസടിച്ച വില്ല്യംസൺ സൺ റൈസേഴ്സിനെ 175ലെത്തിക്കുകയായിരുന്നു. 43 പന്തുകളിൽ 70 റൺസെടുത്ത വില്ല്യംസൺ പുറത്താവാതെ നിന്നു.