സെഞ്ച്വറി നേടി ധോണി; മികച്ച തുടക്കവുമായി ഇന്ത്യ
ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടി മഹേന്ദ്ര സിങ് ധോണി. 113 റൺസാണ് ധോണി കരസ്ഥമാക്കിയത്. എട്ട് ഫോറുകളും ഏഴ് സിക്സുകളും ഉൾപ്പെടുന്നതാണ് ധോണിയുടെ സെഞ്ച്വറി. അതേസമയം 359 റൺസാണ് ഇന്ത്യ നേടിയിരിക്കുന്നത്. അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം ഔട്ട് ഫീല്‍ഡ് നനഞ്ഞുകിടക്കുന്നതിനാല്‍ മത്സരം നിശ്ചയിച്ച സമയത്ത് തുടങ്ങാനായിരുന്നില്ല.
അതേസമയം ന്യൂസ്ലന്‍ഡുമായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ 13 ഓവര്‍ ബാക്കി നിര്‍ത്തി ആധികാരികമായിതന്നെ കീവീസ് മറികടക്കുകയായിരുന്നു.
ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2015 ല്‍ 14 ടീമുകളാണ് ലോകകപ്പ് നേടുവാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നത്. അതേസമയം ടൂര്‍ണമെന്റിനു ആതിഥ്യം വഹിക്കുന്ന ഇംഗ്ലണ്ടും, ഐ സി സി വേള്‍ഡ് റാങ്കിങ്ങില്‍ ആദ്യത്തെ ഏഴു സ്ഥാനക്കാരുമുള്‍പ്പെടെ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക