ചെൽസിയും ആഴ്സണലും യൂറോപ്പ ലീഗ് ഫൈനലിൽ
ചാമ്പ്യൻസ് ലീഗിലെ ഇംഗ്ലീഷ് ടീമുകളുടെ ഫൈനൽ പ്രവേശനത്തിന് പിന്നാലെ, യൂറോപ്പ ലീഗ് കലാശപ്പോരിൽ ഇംഗ്ലീഷ് ക്ലബുകളായ ചെൽസി- ആഴ്സണൽ പോരാട്ടം. ആഴ്സണൽ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ ഏഴു ഗോളുകൾക്ക് വലെൻസിയയെ തകർത്തപ്പോൾ, ഫ്രാങ്ക്ഫുർടിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് ചെൽസി ഫൈനലിനു യോഗ്യത നേടിയത്.
സ്വന്തം മൈതാനത്തു നടന്ന ആദ്യ പാദ സെമിഫൈനലിൽ ആഴ്സണൽ, വലെൻസിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കു തകർത്തിരുന്നു. എന്നാൽ
എതിരാളിയുടെ ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ മത്സരത്തിലും മികവ് തുടർന്ന, ആഴ്സണൽ നാല് ഗോളുകളാണ് വലൻസിയയുടെ ഗോൾ പോസ്റ്റിൽ അടിച്ചു കയറ്റിയത്. ആഴ്സണലിനു വേണ്ടി പിയറി എമിറിക്ക് ഹാട്രിക്കും ലകേസ്റ്റെ ഒരു ഗോളും നേടിയപ്പോൾ, കെവിൻ ക്ലെയ്റോയുടെ ഇരട്ട ഗോളുകളായിരുന്നു വലെൻസിയയുടെ മറുപടി. അവസാന വിസിൽ മുഴങ്ങുന്നത്തുവരെ ആവേശത്തോടെ കളിച്ചെങ്കിലും നാല് ഗോളുകൾ വഴങ്ങി വലൻസിയ കീഴടങ്ങുകയായിരുന്നു.
Read also: തകർന്നടിഞ്ഞ് ഹൈദരാബാദ്; ചെന്നൈയ്ക്ക് ഇനി എതിരാളി ഡൽഹി
അതേ സമയം ഇരുപാദങ്ങളിലുമായി രണ്ടു ഗോളുകളുടെ സമനിലയിൽ ഒതുങ്ങിയ ചെൽസി- ഫ്രാങ്ക്ഫുർട് മത്സരത്തിൽ, വിജയിയെ തീരുമാനിക്കാൻ പെനാൽറ്റി ഷുട്ടൗട്ട് വേണ്ടി വന്നു. ഷുട്ടൗട്ടിൽ നാല് തവണ ചെൽസി ലക്ഷ്യം കണ്ടപ്പോൾ മൂന്നു തവണ മാത്രമാണ് ചെൽസിയുടെ ഗോൾ വല കുലുക്കാൻ ഫ്രാങ്ക്ഫുർടിനായത്. വിജയത്തോടെ യൂറോപ്പ ലീഗ് ഫൈനലിൽ പ്രവശിച്ച ചെൽസിക്കു കരുത്തരായ എതിരാളികൾ തന്നെയാണ് ആഴ്സണൽ. മെയ് 29 നാണു തീപാറുന്ന യൂറോപ്പ ലീഗ് ഫൈനൽ അരങ്ങേറുന്നത്.