അവധിക്കാലം കളറാക്കാൻ ഒരു ‘ജിംബൂംബാ’ മാജിക്

മലയാളികളെ പൊട്ടിച്ചിരിപ്പിക്കാൻ ഒരു അവധിക്കാലചിത്രം കൂടി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. യുവനായകൻ അഷ്കർ അലി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജിംബൂംബാ നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് പോലെ തന്നെ ഏറെ കൗതുകമൊളിച്ചുകൊണ്ടാണ് ജിംബൂംബാ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
മൂന്ന് ചെറുപ്പക്കാരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളെ വളരെ രസകരമായ രീതിയിൽ പറഞ്ഞ ചിത്രത്തിൽ ബേസിൽ കഞ്ഞിക്കുഴിയായിഎത്തിയ അഷ്കർ അലിക്കൊപ്പം കുക്കുവും രോഹിണിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഉടനീളം ബൈജു സന്തോഷും, ചിത്രത്തിൽ ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെട്ട അപർണ ബലമുരളിയും ചിത്രത്തിന് കൂടുതൽ കരുത്തുപകർന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ട് ഒരുക്കിയ ചിത്രം മിസ്റ്റിക് ഫ്രെയിംസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചിന് ആണ് നിർമ്മിച്ചിരിക്കുന്നത്. അസ്കര്‍ അലിക്കു പുറമെ അഞ്ജു കുര്യന്, നേഹ സക്സേന, അനീഷ് ഗോപാല്‍, ലിമു ശങ്കര്‍, കണ്ണന് നായര്‍, രാഹുല്‍ നായര്‍ ആര് എന്നിവരും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
വലിയ കൊട്ടിഘോഷങ്ങളോ ആർപ്പുവിളികളോ ഒന്നും ഇല്ലാതെ തന്നെ തിയേറ്ററുകളിൽ എത്തിയ ചിത്രം പുതുവർഷത്തിന്റെ തലേന്ന് വെള്ളമടിക്കാനായി ഇറങ്ങുന്ന സിനിമ പ്രേമികളായ മൂന്ന് ചെറുപ്പക്കാരെയും അതേത്തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളുമാണ് പറയുന്നത്. സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നിരവധി സംവിധായകരുടെ അടുത്ത് കയറിയിറങ്ങുന്ന ബേസിൽ കഞ്ഞിക്കുഴിയും, അഭിനയമെന്ന മോഹവുമായി ഇറങ്ങിത്തിരിച്ച രോഹിണി കാർത്തികയും, അറിയപ്പെടുന്ന ഒരു ക്യാമറാമാൻ ആകാൻ നിരവധി ശ്രമങ്ങൾ നടത്തുന്ന കുക്കുവും സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുന്ന പലചെറുപ്പക്കാരുടെയും പ്രതിനിധീകളാണ്.
സിനിമാ അവബോധത്തെ മുന്നോട്ടു നയിക്കുന്ന സിനിമകള്‍ ഉണ്ടാവുന്നതിനൊപ്പം ജീവിതത്തിലെ തിരക്കുകൾക്കിടയിലും രണ്ടു മണിക്കൂർ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കുന്ന ചില ചിത്രങ്ങളും വേണമെന്ന തിരിച്ചറിവിൽ നിന്നുമാവാം സംവിധായകൻ രാഹുലും കൂട്ടരും ഈ ചിത്രത്തിന് ജന്മം നൽകിയത്. കഥയുടെ മൂഡിനും സൗന്ദര്യത്തിനും അനുസരിച്ചുള്ള ലൈറ്റിങ്ങിലൂടെ ഛായാഗ്രഹണവും അതിഗംഭീരമായി. വ്യത്യസ്തമായ രീതിയിൽ ഒരുക്കിയ ചിത്രത്തിലെ റാപ് ഗാനവും ജിംബൂംബായെ മറ്റ് ചിത്രങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു.
മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ആസിഫ് അലിയുടെ സഹോദരനാണ് അഷ്കര്‍ അലി. 2017 ല്‍ തീയറ്ററുകളിലെത്തിയ ‘ഹണീ ബീ 2.5’ എന്ന ചിത്രത്തിലൂടെയാണ് അഷ്കര്‍ അലിയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് അരുണ്‍ വൈഗ സംവിധാനം നിര്‍വ്വഹിച്ച ‘ചെമ്പരത്തിപൂവ്’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായെത്തി.’കാമുകി’ യാണ് അഷ്കര്‍ അലി നായകനായെത്തിയ അവസാന ചിത്രം. ഇപ്പോഴിതാ ഹാസ്യത്തിന് പ്രാധാന്യം നൽകി രാഹുൽ ഒരുക്കിയ ജിംബൂംബായിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു മികച്ച യുവനടനെക്കൂടി ലഭിച്ചിരിക്കുകയാണ്.