‘ഹലാൽ ലവ് സ്റ്റോറി’യിൽ ഇന്ദ്രജിത്തും ഗ്രേസും; ശ്രദ്ധനേടി പോസ്റ്റർ

January 9, 2020

‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സക്കരിയ മുഹമ്മദ് ഒരുക്കുന്ന ചിത്രമാണ് ‘ഹലാല്‍ ലവ് സ്റ്റോറി’. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കോഴിക്കോട് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഒരു പോസ്റ്ററാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പോസ്റ്ററിൽ ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയുമാണ് പ്രത്യക്ഷപ്പെടുന്നത്.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറി എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വഹിക്കുന്നു.

സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയാളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്.

കഴിഞ്ഞ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ സ്വന്തമാക്കിയിരുന്നു. ജനപ്രിയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സൗബിന്‍ സാഹിറിനെ തേടിയെത്തി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ഈ ചിത്രംതന്നെ. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദാണ് മികച്ച നവാഗത സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും സരസ ബാലുശേരിക്കും പുരസ്‌കാരം ലഭിച്ചിരുന്നു.

സക്കരിയ മുഹമ്മദ് പുതിയ ചിത്രവുമായി എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ. ചിത്രം ഈ വർഷം വിഷുവിന് റിലീസ് ചെയ്യും.