‘ഇതിലേതാ ശരിക്കും ജോസഫ്’; ജോജുവിനൊപ്പം താരത്തിന്റെ അപരനും: വീഡിയോ ശ്രദ്ധേയമാകുന്നു

May 9, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ‘ജോസഫ്’. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ചിത്രത്തിലെ ജോജുവിന്റെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ജോസഫിലെ ജോജുവിന്റെ അതേ ലുക്കിലുള്ള ഒരു അപരന്‍. ജോജുവും അപരനും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. 360 ഡിഗ്രി എന്ന സിനിമാ ക്യാംപില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ അപരനെ കണ്ട് ജോജു അമ്പരന്നത്. ക്യാംപിലെ മെമ്പര്‍ ആയ ഷംനാസ് ആണ് ജോസഫ് എന്ന കഥാപാത്രമായി ജോജുവിന് മുന്നിലേക്കെത്തിയത്.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രീയ നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

Read more:വെള്ളിത്തിരയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ധനുഷ്; സ്‌പെഷ്യല്‍ വീഡിയോയുമായി ആരാധകര്‍

ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തീയറ്ററുകളിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും ജോസഫിലെ ചില ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റുപാടുന്നു. ചിത്രത്തിലെ ഗാനങ്ങളും അത്രമേല്‍ ജനപ്രീതി നേടിയിരുന്നു.