ശ്രദ്ധേയമായി ‘കക്ഷി അമ്മിണിപ്പിള്ള’യിലെ ചന്തം തികഞ്ഞൊരു പാട്ട്; വീഡിയോ

May 29, 2019

അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ദിന്‍ജിത്ത് അയ്യത്താനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ പുതി ഗാനം. ‘ചന്തം തികഞ്ഞൊരു….’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളികള്‍ക്ക് ഏറ്റുപാടാന്‍ പാകത്തിന് കിടിലന്‍ താളത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഒത്തുചോരലിന്റെ മനോഹരമായ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഗാനം.

സ്‌നേഹചന്ദ്രന്‍ ഏഴിക്കരയുടേതാണ് ഈ ഗാനത്തിലെ വരികള്‍. സുധീര്‍ പറവൂരാണ് ആലാപനം. അതേസമയം കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തില്‍ ഒരു വക്കീല്‍ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. താരത്തിന്റെ ആദ്യ വക്കീല്‍ കഥാപാത്രമാണ് ചിത്രത്തിലേത്. സനിലേഷ് ശിവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more:ഫെയര്‍നെസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കി സായി പല്ലവി; വീഡിയോ

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. അതേസമയം അടുത്തിടെ ചിത്രത്തിലെ മനോഹരമായൊരു കല്യാണപ്പാട്ടും പുറത്തുവിട്ടിരുന്നു. ഈ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. ചിത്രത്തിനുവേണ്ടിയുള്ള ആസിഫ് അലിയുടെ കട്ടി മീശ ലുക്കും ആരാധകര്‍ക്കിടയില്‍ നേരത്തെ മുതല്‍ക്കെ ശ്രദ്ധ നേടിയരുന്നു.

അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആസിഫ് അലി പ്രധാന കഥാപാത്രമായെത്തുന്ന ‘ഉയരെ’ എന്ന ചിത്രം. നവാഗതനായ മനു ആശോകനാണ് ഉയരെ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. ആസിഫ് അലിക്കൊപ്പം പാര്‍വ്വതിയും ടൊവിനോയും ഉയരെ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.