സുന്ദരം ഗിൽ; കൊൽക്കത്തയ്ക്ക് അനായാസ ജയം
കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഉജ്ജ്വല ജയം. 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 12 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു കൊൽക്കത്തയുടെ വിജയം. ഈ ഐപിഎൽ സീസണിലെ തൻ്റെ മൂന്നാം അർദ്ധസെഞ്ചുറി കണ്ടെത്തിയ ശുഭ്മൻ ഗില്ലിൻ്റെ ഇന്നിംഗ്സാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്. റൺസെടുത്ത ഗില്ലിനൊപ്പം 46 റൺസെടുത്ത ഓപ്പണർ ക്രിസ് ലിന്നും കൊൽക്കത്തയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.
184 വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മൻ ഗില്ലും ക്രിസ് ലിന്നും ചേർന്ന് നൽകിയത്. പവർ പ്ലേയുടെ അവസാന ബോളിൽ ക്രിസ് ലിൻ പുറത്തായതോടെ വേർപിരിഞ്ഞ ഓപ്പണിംഗ് കൂട്ടുകെട്ട് 6 ഓവറിൽ 62 റൺസ് കൂട്ടിച്ചേർത്തിരുന്നു. 22 പന്തിൽ 46 റൺസെടുത്ത് കൊൽക്കത്തയ്ക്ക് ഉജ്ജ്വല തുടക്കം നൽകിയതിനു ശേഷമാണ് ലിൻ പുറത്തായത്.
ശേഷം ക്രീസിലെത്തിയ റോബിൻ ഉത്തപ്പയും നന്നായിത്തന്നെ ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും 22 റൺസെടുത്ത് പുറത്തായി. തുടർന്ന് ആന്ദ്രേ റസലിനെ കൂട്ടുപിടിച്ച ഗിൽ റസലുമായി 50 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. കൃത്യം 50 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം 14 പന്തുകളിൽ 24 റൺസെടുത്ത റസൽ പുറത്തായെങ്കിലും 36 പന്തുകളിൽ തൻ്റെ അർദ്ധസെഞ്ചുറി കണ്ടെത്തിയ ഗിൽ ക്യാപ്റ്റൻ ദിനേഷ് കാർത്തികുമായി ചേർന്ന് കൊൽക്കത്തയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
49 പന്തുകളിൽ 65 റൺസെടുത്ത ഗില്ലും 9 പന്തുകളിൽ 21 റൺസെടുത്ത കാർത്തികും പുറത്താവാതെ നിന്നു.
നേരത്തെ 55 റൺസെടുത്ത സാം കറനാണ് പഞ്ചാബിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. പഞ്ചാബിൻ്റെ അപകടകാരികളായ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ മലയാളി പേസർ സന്ദീപ് വാര്യറാണ് കൊൽക്കത്തയ്ക്കു വേണ്ടി തിളങ്ങിയത്.