പോരാട്ടത്തിനൊരുങ്ങി മെസിയും സലയും
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിൽ ബാഴ്സലോന നാളെ ലിവർപൂളിനെ നേരിടും. ബാഴ്സയുടെ മൈതാനമായ ന്യൂകാംമ്പിലാണ് ആദ്യ പാദ മത്സരം. ലിവർപൂൾ പോർട്ടോയെ ഇരുപാദങ്ങളിലും തോൽപിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമിഫൈനലിനു യോഗ്യത നേടിയത്. മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കേ ലാലിഗ കീരീടം ചൂടിയ ബാഴ്സലോന, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഇരുപാദങ്ങളിലുമായി 4-0 തകർത്താണ് സെമിഫൈനലിൽ പ്രവേശിച്ചത്. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഉജ്വല പ്രകടങ്ങൾ കാഴ്ചവെക്കുന്ന ലിവർപൂൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനുള്ള തന്ത്രങ്ങളുമായാണ് ക്ലോപിന്റെ ടീം ഇന്നിറങ്ങുക. അതേസമയം സ്വന്തം മൈതാനത്തു നടക്കുന്ന മത്സരത്തിൽ ബാഴ്സക്കാണ് മുൻതൂക്കം. മെസ്സി, സുവാരസ്, ബിസ്കറ്റ്സ് എന്നിവരുടെ മികച്ച ഫോം ബാഴ്സയുടെ സാദ്ധ്യതകൾ കൂട്ടുന്നു. പ്രീമിയർ ലീഗിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ നിൽക്കുന്ന മുഹമ്മദ് സല, മാനേ എന്നിവരുടെ പ്രകടനം ലിവർപൂളിനും നിർണായകമാണ്. പരുക്കിൽ നിന്ന് പൂർണ മോചിതനാവാത്ത ഫിർമിനോ ഇന്ന് കളിക്കുമോയെന്ന് ഉറപ്പില്ല. ഫാബീഞ്ഞോ, ആഡം ലലാന എന്നിവരും പരുക്കിന്റെ പിടിയിലാണ്.
ബാഴ്സയും ലിവർപൂളും എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ലിവർപൂൾ മൂന്നും ബാഴ്സ രണ്ടിലും ജയിച്ചു. മൂന്ന് കളി സമനിലയിൽ. ഹോം ഗ്രൗണ്ടിൽ ലിവർപൂളിനെതിരെ കളിച്ച് നാല് കളിയിലും ബാഴ്യ്ക്ക് ജയിക്കാനായിട്ടില്ല. അവസാനം ഏറ്റുമുട്ടിയ 2007 ൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയം ലിവർപൂളിനൊപ്പമായിരുന്നു.
Read also: മറഡോണയുടെ ജീവിതകഥയുമായി ഡോക്യുമെന്ററി; ശ്രദ്ധേയമായി ടീസര്
അതേസമയം, ചാമ്പ്യൻസ് ലീഗ് ആദ്യ സെമിഫൈനലിൽ ടോട്ടനത്തിനെതിരെ അയാക്സ്നു വിജയം. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അയാക്സ് വിജയിച്ചത്.