കൊച്ചിയുടെ രുചിപകർന്ന് തന്തൂരി ചായകൾ

May 18, 2019

തന്തൂരി ചിക്കനും തന്തൂരി റൊട്ടിയുമൊക്കെ മലയാളികൾക്ക് ഏറെ പരിചിതമായ ഭക്ഷണ വിഭവമാണ്. ഇപ്പോഴിതാ മലയാളികളുടെ തീന്മേശയിൽ സ്ഥാനം പിടിയ്ക്കാൻ ഒരുങ്ങുകയാണ് തന്തൂരി ചായയും. നല്ല ചുട്ടുപഴുത്ത മണ്‍പാത്രങ്ങളില്‍ പാകപ്പെടുത്തിയെടുക്കുന്നതാണ് തന്തൂരി ചായ. പൂനെയാണ് തന്തൂരി ചായയുടെ ഉത്ഭവകേന്ദ്രം. ഇന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളിലും തന്തൂരി ചായ ലഭ്യമാണ്. ഇപ്പോഴിതാ എറണാകുളത്തും എത്തിയിരിക്കുകയാണ് തന്തൂരി ചായ. മറൈൻ ഡ്രൈവിനടുത്തുള്ള ഒരു തട്ടുകടയിലേക്കാണ് ഇപ്പോൾ തന്തൂരി ചായ അന്വേഷിച്ച് ആളുകൾ എത്തുന്നത്.

മൺപാത്രങ്ങളിൽ വിളമ്പുന്ന ഈ ചായയിലൂടെ കൊച്ചിക്കാരുടെ മുഴുവൻ സ്‌നേഹവും രുചിച്ചിരിക്കുകയാണ് ഈ തട്ടുകടയിലെ നൂറിനും. തന്തൂരി ചായയ്‌ക്കൊപ്പം ചുട്ട പപ്പടം, പാച്ചി കട്​ലറ്റ്, പാ സമൂസ.. തുടങ്ങിയ വിഭവങ്ങളും വിളമ്പുന്നുണ്ടെങ്കിലും ഏറെ ജനശ്രദ്ധനേടിയത് തന്തൂരി ചായയ്ക്കാണ്. മുപ്പത് രൂപയാണ് ഒരു ചായയുടെ വില.

പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ എന്തെങ്കിലും ബിസിനസ് എന്ന സ്വപ്നവുമായി എത്തിയ നൂറിന് പക്ഷെ ബിസിനസിൽ തിരിച്ചടികൾ മാത്രമായിരുന്നു ഫലം. പിന്നീട്  ജീവിതത്തിന്റെ കഷ്ടപാടുകളിലൂടെ മാത്രം നടന്ന നൂറിന് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിൽ നിന്നും എത്തിയ ആശയമാണ് സ്വന്തമായി ഒരു തട്ടുകട. പാചകം അല്പം പോലും അറിഞ്ഞിരുന്നെങ്കിലും എന്തും ചെയ്യാനുള്ള ഒരു മനസ് ഉണ്ടായിരുന്നു നൂറിന്. ചായ ഒരുപാട് ഇഷ്ടമായിരുന്ന നൂറിൻ പിന്നീട് തന്തൂരി ചായ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു.

Read also: മനവും വയറും നിറച്ച് കൊച്ചിയിലെ ചില രാത്രിയാത്രകൾ

കനലില്‍ ചുട്ടെടുക്കുന്ന ചെറിയ മണ്‍പാത്രങ്ങളില്‍, നേരത്തെ പാകപ്പെടുത്തിവെച്ചിരിക്കുന്ന ചായ വീണ്ടും ഒഴിക്കും. പൊള്ളുന്ന മണ്‍പാത്രങ്ങളില്‍ക്കിടന്ന് തിളച്ചുമറിഞ്ഞ് ചായ തന്തൂരി ചായയായി മാറുന്നു. തന്തൂരിചായ്ക്ക് ഇന്ന് ആവശ്യക്കാരും ഏറെയാണ്.

തന്തൂരി അടുപ്പില്‍വെച്ച് ചുട്ടെടുക്കുന്ന മണ്‍പാത്രങ്ങളിലേക്കാണ് പാകപ്പെടുത്തിയ ചായ ഒഴിക്കുന്നത്. ഇതുകൊണ്ടാണ് ചായയ്ക്ക് ഈ പേരു വന്നതെന്നാണ് കരുതപ്പെടുന്നത്. ഇങ്ങനെ തിളച്ചുമറിയുമ്പോള്‍ ചായയ്ക്ക് രുചി കൂടുമെന്നാണ് പാചകക്കാരുടെ പ്രഖ്യാപനം. തന്തൂരിച്ചായ കുടിച്ചിട്ടുള്ളവരും  ഏകപക്ഷീയമായി പറയുന്നതും ഇതിന്റെ രുചിയെക്കുറിച്ചുതന്നെയാണ്.