സച്ചിനും 10 പേരും: 1996 വിൽസ് ലോകകപ്പ്

May 17, 2019

ക്രിക്കറ്റ് എന്നൊരു ഗയിം അറിയുന്നതുവരെ രാമായണവും മഹാഭാരതവും ചിത്രകഥകള്‍ വഴി അരച്ചുകുടിക്കയും ഏത് പുരാണചോദ്യങ്ങള്‍ക്കും ഉത്തരവും പേറിനടക്കുകയും ശ്രീകൃഷ്ണയും ദയാസാഗറും സ്വാതന്ത്രസമരവും അമ്പും വില്ലുമൊക്കെയായി നടക്കുന്നൊരു പീക്കിരിപ്പയ്യനായിരുന്നു ഞാന്‍. 1996 ലോകകപ്പോടെ ഞാനൊരു മുഴു ക്രിക്കറ്റ് ഭ്രാന്തനായിമാറി.

1995ല്‍ കിവീസ് ഇന്ത്യയില്‍ വന്നത് പത്രത്തില്‍ ശ്രദ്ധിച്ചു. അതുവരെ ക്രിക്കറ്റ് എന്നാല്‍ എനിക്ക് ദൂരദര്‍ശനിലെ ഹിന്ദി വാര്‍ത്ത പോലെ ബോറന്‍ പരിപാടിയായിരുന്നു. 1996 ജനുവരിയില്‍ ലോകകപ്പിന്‍റെ വാര്‍ത്തകള്‍ നിറഞ്ഞുതുടങ്ങി. ദ് വീക്കി(?)ൽ “ഇവരെ ശ്രദ്ധിക്കുക” എന്നൊരു ലേഖനം വന്നിരുന്നു. സച്ചിന്‍, ലാറ, ബെവന്‍..തുടങ്ങിയവരെക്കുറിച്ച്. ചെറിയമ്മ വലിയൊരു ക്രിക്കറ്റ് പ്രേമിയായിരുന്നു. പുള്ളിക്കാരിയാണ് പറഞ്ഞത് സച്ചിന്‍ ജാഡയാണ്, ഷോ ആണ്, അസ്ഹറും ജഡേജയുമൊക്കെ പാവങ്ങളാണ്. അത് പ്രകാരം ഞാന്‍ അസ്ഹര്‍ ഫാനായി. ഫിബ്രവരിയില്‍ മനോരമയുടെ മുന്‍പേജില്‍ ടീമുകളുടെ ക്യാപ്ടന്‍മാര്‍ അണിനിരന്നൊരു ചിത്രം മനസില്‍ പതിഞ്ഞു. ലോകകപ്പ് തുടങ്ങുന്നെന്ന വാര്‍ത്ത.

4ാം ക്ലാസ്സിലെ വാര്‍ഷികപരീക്ഷ അതിന്‍റെടയ്ക്ക് അങ്ങനെ പോയി. രാവിലെ പരീക്ഷ, ഉച്ചയ്ക്ക് ചെറിയമ്മയുടെയും കൂട്ടുകാരുടെയും കൂടെ BPLന്‍റെ black&white TVയില്‍ ലോകകപ്പ്..അതായിരുന്നു ടൈംടേബിള്‍. അന്ന് ദ.ആഫ്രിക്കയുടെ കളര്‍ പച്ചയാണെന്നെനിക്കറിയില്ലായിരുന്നു (97 ആയി അറിഞ്ഞപ്പൊ, sports മാസിക അപ്പൊമുതലാണ് വരുത്തിയത്). പരീക്ഷാഹാളില്‍ ചോദ്യപ്പേപ്പര്‍ വരുന്നതുവരെ ഇതൊക്കെയാണ് ചര്‍ച്ച. നിങ്ങടെവീട്ടില്‍ TVയുണ്ടോ, ലോകകപ്പ് കാണാന്‍ പറ്റുമോ..ഓരൊ കളിയ്കും മുന്‍പ് പത്രത്തില്‍ ഇരുടീമുകളുടെയും പ്രധാനതാരങ്ങളുടെ ചിത്രം മാത്രം വച്ചിട്ടാവും ലേഖനം. ഇന്നത്തെപ്പോലെ പേജിന്‍റെ പകുതിയും ചിത്രങ്ങളും വലുപ്പത്തിലെ headingsഉം പരസ്യങ്ങളുമില്ലായിരുന്നു. ഇന്ത്യ-വിന്‍ഡീസിന് മുന്‍പ് സച്ചിന്‍-ലാറ പോരാട്ടം, ഇന്ത്യ-ഓസീസിന് മുന്‍പ് സച്ചിന്‍-മാര്‍ക്ക് വോ പോരാട്ടം..ഇൗ രണ്ട് റിപ്പോര്‍ട്ടുകള്‍ ഓര്‍ക്കുന്നു.

ഗ്രൂപ്പ് മത്സരങ്ങള്‍ അധികം ഓര്‍മ്മയില്ല, എങ്കിലും സുരക്ഷാകാരണങ്ങളാല്‍ ശ്രീലങ്കയിലുള്ള മാച്ച് ഓസീസ് ഉപേക്ഷിച്ചത് ഓര്‍ക്കുന്നു. ലോകകപ്പിന് മുന്‍പ് അവിടെവിടെയോ ബോംബ് പൊട്ടിയിരുന്നു. വിന്‍ഡീസും ലങ്കയില്‍ കളിക്കാന്‍ വിസമ്മതിച്ചിരുന്നു എന്നാണ് ഓര്‍മ്മ(ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക സംയുക്തമായാണ് വില്‍സ് ലോകകപ്പിന് വേദിയൊരുക്കിയത്. ഫൈനല്‍ ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വച്ചായിരുന്നു).

ഇന്ത്യയുടെ ഗ്രൂപ്പ് മാച്ചുകള്‍ ഓര്‍ക്കുന്നില്ലെങ്കിലും സച്ചിന്‍റെയും ജഡേജയുടെയും സെഞ്ചുറികള്‍ ഓര്‍ക്കുന്നു. വിന്‍ഡീസിനെ കെനിയ അട്ടിമറിച്ചത് വലിയ വാര്‍ത്തയായി. അന്ന് അട്ടിമറി എന്താണെന്നോ വിന്‍ഡീസും കെനിയയും തമ്മിലെ അന്തരം എത്രത്തോളമാണെന്നോ അറിയില്ലായിരുന്നു, പക്ഷേ വെസ്റ്റിന്‍ഡീസിനോടും റിച്ചി റിച്ചാഡ്സണോടും ഒരു പ്രത്യേകഇഷ്ടം തോന്നി. വാര്‍ഷികപരീക്ഷ കഴിയുമ്പോളേക്കും ക്വാര്‍ട്ടര്‍ ഫൈനലെത്തി. ബാംഗ്ലൂരിലെ ജഡേജ-വഖാര്‍ പോരാട്ടം മറക്കാനാകില്ല. അതുപോലെത്തന്നെയായിരുന്നു സൊഹൈല്‍-അന്‍വര്‍ തിരിച്ചടിയുടെ സമയത്തെ നിശബ്ദത. ഒടുവില്‍ പ്രസാദിന്‍റെ അവിസ്മരണീയ പ്രകടനവും. മിയാന്‍ദാദെന്ന വന്‍മരം അന്ന് വീഴുകയാണെന്ന് ചെറിയമ്മ പറഞ്ഞിരുന്നു. എനിക്ക് അന്നുമുതലേ മിയാന്‍ദാദിനെ കാണുമ്പോള്‍ ദാവൂദിനെ ഓര്‍മ്മവരും.

ഓസീസ്-കിവീസ് ക്വാര്‍ട്ടര്‍ മറ്റൊരു ചരിത്രമത്സരമായിരുന്നു. ഹാരിസും ജെര്‍മോനും ചേര്‍ന്നുള്ള പോരാട്ടവും മാര്‍ക്ക് വോയുടെ മറ്റൊരു സെഞ്ചുറിയും . ഓസീസിനോട് അന്നുമുതലേ ഇഷ്ടക്കേടായിരുന്നു. ലാറയുടെ swashbuckling performance ആയിരുന്നു ദ. ആഫ്രിക്കയ്ക്കെതിരെ. ഇന്ത്യയ്ക്കല്ലെങ്കില്‍ വിന്‍ഡീസിന് ലോകകപ്പ് കിട്ടട്ടെ എന്നാഗ്രഹിച്ചു. ജയസൂര്യ എന്നൊരു തീപ്പൊരി ഇംഗ്ലീഷുകാരെ തുരത്തിയോടിക്കുന്നതുകണ്ട് സന്തോഷിച്ചു. അന്നൊക്കെ ദേശസ്നേഹം അല്‍പ്പം കൂടുതലായിരുന്നു.

രണ്ട് ദുരന്തങ്ങളായിരുന്നു സെമിഫൈനല്‍സ്. ടോസ് നേടി ലങ്കയെ ബാറ്റിംഗിനയച്ച അസ്ഹറിന്‍റെ തീരുമാനം ശരിവയ്ക്കുംവിധം ശ്രീനാഥിന്‍റെ ആദ്യഓവര്‍. ലോകക്രിക്കറ്റിലെ അക്കാലത്തെ ഏറ്റവും ഭീതിതമായ ഓപ്പണിംഗ് ജോഡി, രണ്ടും ഒറ്റ ഓവറില്‍ പുറത്ത്. ഹോ!!! ഈ ലോകകപ്പ് നമുക്ക് തന്നെ…ആവേശമായിരുന്നു. ഒറ്റയടിക്ക് ആ ആവേശം ഡിസില്‍വ തല്ലിക്കെടുത്തി. 20 ഓവര്‍വരെ പുള്ളി നിന്നില്ല, പക്ഷേ നിമിഷനേരംകൊണ്ട് കളി തിരിച്ചു. One of the best counterattacks i have ever seen. എന്നിട്ടും അവര്‍ 250+ എടുക്കാനായതേയുള്ളൂ. സച്ചിന്‍റെ തിരിച്ചടിയില്‍ കൊല്‍ക്കത്ത ഇളകിമറിയുന്നു. ഇന്ത്യ മൊത്തത്തില്‍…ഞാനും…ഓഫിസും നാട്ടുവര്‍ത്തമാനവുമൊക്കെ കഴിഞ്ഞ് വന്ന് കുളിക്കാന്‍ കയറിയ പപ്പയ്ക്ക് ലൈവ് സ്കോര്‍ അറിയിക്കാന്‍ ഓരോ ഓവര്‍ കഴിയുമ്പോഴും ഞാനോടും…സച്ചിന്‍ തകര്‍ത്തടിക്കുന്നു, ഇന്ത്യ 35..44..സച്ചിന്‍ പുറത്തായശേഷം മൊത്തത്തില്‍ ഒരു മരവിപ്പായിരുന്നു. ശരിക്കും അന്നാണ് ഇന്ത്യ=സച്ചിന്‍+10 കളിക്കാര്‍ എന്ന് തോന്നിത്തുടങ്ങിയത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുന്‍പേ കളി കഴിഞ്ഞു. ആ കളി ലൈവ് കണ്ട ഒരിന്ത്യന്‍ ക്രിക്കറ്റ് പ്രേമിക്കും മറക്കാനാകില്ല ആ മരവിപ്പ്. 2003 ഫൈനലില്‍ തോറ്റപ്പൊള്‍ ഇത്രേം വിഷമം തോന്നിയില്ല. അത് കപ്പുറപ്പിച്ച ഓസീസുമായായിരുന്നു. ഇത് പക്ഷേ.. ലങ്ക കരുത്തരായിരുന്നു, എന്നാല്‍ നമ്മള്‍ അതിലും മുകളിലായിരുന്നു..250 അന്നൊരു വലിയ ലക്ഷ്യമായിരുന്നെങ്കിലും നമ്മുടെ ബാറ്റിംഗ് നിരയ്ക്ക് അസാധ്യമായിരുന്നില്ല. അതിന്‍റെ പിന്നാമ്പുറകഥകള്‍ പിന്നീടറിഞ്ഞപ്പോള്‍ ശരിക്ക് നൊന്തു. കാംബ്ലിയുടെ കണ്ണീര്‍ ഒരിക്കലും മറക്കില്ല.

ഉഗ്രന്‍ ടീം വര്‍ക്കിലൂടെ ഓസീസിനെ 207ന് തളച്ച വിന്‍ഡീസ് മറുപടി ബാറ്റിംഗില്‍ 2ന് 160 കടന്നപ്പോള്‍ നമ്മുടെ ഇഷ്ടടീം കപ്പിലേക്കടുക്കുന്നത് കണ്ടു, വോണെന്ന മാന്ത്രികന്‍റെ അപാരസ്പെല്‍ കളി മാറ്റിമറിക്കുന്നതുവരെ. വോണിന്‍റെ അപ്പീലിംഗും ആഹ്ലാദപ്രകടനങ്ങളും ഒരു കാഴ്ച തന്നെയായിരുന്നു. 9ാം വിക്കറ്റും വീണപ്പൊ വിന്‍ഡീസിന് 5-6 റണ്ണ് കൂടി വേണമായിരുന്നു. അപ്പൊ ചെറിയമ്മ പറഞ്ഞതോര്‍ക്കുന്നു. ഇനി വാല്‍ഷാണ്. ഇപ്പൊ ഒൗട്ടാകും. അതുപോലെ തന്നെ വാല്‍ഷ് ഫ്ലെമിംഗിന്‍റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ക്രിക്കറ്റ് ലോകം തരിച്ചിരുന്നു.

ഫൈനലില്‍ ശ്രീലങ്ക ജയിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. കാര്യം നമ്മളെ തോല്‍പ്പിച്ച ടീമാണെങ്കിലും ഓസീസ് ജയിക്കുന്നതിഷ്ടമല്ലായിരുന്നു, രണതുംഗയെ വലിയ ഇഷ്ടവുമായിരുന്നു. വെക്കേഷന്‍ അടിച്ചുപൊളിക്കാന്‍ വീട്ടിലെത്തിയ അനിയന്‍മാരുമായി ബെറ്റൊക്കെ വച്ചു. ഓസീസിന്‍റെ ബാറ്റിംഗ് നിരയില്‍ വിള്ളല്‍ വീഴ്ത്തുകയും 2 ക്യാച്ചെടുക്കുകയും പിന്നെ മറുപടി ബാറ്റിംഗില്‍ പുറത്താകാതെ സെഞ്ചുറിയും!! അരവിന്ദയ്ക്കല്ലാതെ ആര്‍ക്കുണ്ട് ഇതുപോലൊരു ദിവസം?! വലിയ ആവേശമൊന്നും തോന്നിയില്ലെങ്കിലും ശ്രീലങ്ക ജയിച്ചതില്‍ സന്തോഷം തോന്നി. ലോകകപ്പ് കഴിഞ്ഞു. പക്ഷെ എന്‍റെ ക്രിക്കറ്റ് സീസണ്‍ തുടങ്ങുകയായിരുന്നു. വിശ്രമമില്ലാത്ത വെക്കേഷന്‍കാലം. ടിവിയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പൊരിവെയിലില്‍ കളിയോടുകളി..
അന്നൊക്കെ വല്ലപ്പൊഴും വിരുന്നുവരുന്ന ആഘോഷമായിരുന്നു ക്രിക്കറ്റ്, ഇന്നത്തെപ്പോലെ തിരക്കിട്ട ഷെഡ്യൂളല്ല. അതുകൊണ്ടുതന്നെ അന്നത്തെ ടൂര്‍ണമെന്‍റുകളുടെ സമയത്തെ ചില ടിവി പരസ്യങ്ങളും മായാതെ മനസ്സില്‍ കിടക്കും. പെപ്സിയുടെ പരസ്യങ്ങളായിരുന്നു കൂടുതല്‍. സച്ചിനും കാംബ്ലിയും ഇയാന്‍ ബിഷപ്പുമൊകെ. പിന്നൊരു പെപ്സി പരസ്യത്തില്‍ ഡൊമിനിക്ക് കോര്‍ക്ക്..എത്ര എറിഞ്ഞിട്ടും സ്റ്റംപില്‍ കൊള്ളുന്നില്ല, ദേഷ്യംവന്ന മൂപ്പര് തോക്കെടുത്ത് പടപടേന്ന് മൂന്ന് സ്റ്റംപും വെടിവെച്ചിടുന്നു. മിറിന്‍ഡുടെ പരസ്യം ഒനിഡയുടെ പിശാച്, ഡിഫന്‍ഡര്‍ stabilizer..അങ്ങനെയെത്രയെത്ര പരസ്യങ്ങള്‍..

(പ്രവീൺ ജോൺ എഴുതിയ കുറിപ്പ്)

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!